വാഹനാപകടത്തിൽ ശബരിമല തീർഥാടകനായ പത്ത് വയസ്സുകാരൻ മരിച്ചു

പൊന്നാനി: പൊന്നാനി ആനപ്പടിയില്‍ ഇന്‍സുലേറ്റര്‍ ലോറിക്ക് പുറകില്‍ മിനി ഗുഡ്‌സ് വണ്ടി ഇടിച്ച് ശബരിമല തീർഥാടകനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹുബ്ബള്ളി സ്വദേശി സുമിത്ത് സൂരജ് പാണ്ഡെ (10) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ഗുഡ്‌സ് വണ്ടിയാണ് ഇടിച്ചത്.
അപകടത്തിൽ പരിക്കേറ്റ എട്ടുപേരെ എടപ്പാളിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ പൊന്നാനി ആനപ്പടി പെട്രോള്‍ പമ്പിന് മുന്‍വശത്തെ ഹമ്പിനടുത്തു വച്ച് രാവിലെ 6.30 ഓടെയായിരുന്നു അപകടം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കര്‍ണാടക സ്വദേശികളായ 9 അംഗ സംഘം സഞ്ചരിച്ചിരുന്ന മിനി ഗുഡ്‌സ് വണ്ടി കൊച്ചിയില്‍ നിന്നും മത്സ്യം ഇറക്കി വരികയായിരുന്ന ലോറിക്ക് പുറകില്‍ ഇടിക്കുകയായിരുന്നു.
പെട്രോള്‍ പമ്പിന് മുന്‍വശത്തെ ഹമ്പിനടുത്തുവച്ച് ലോറി ബ്രേക്കിട്ടപ്പോഴാണ് പുറകില്‍ മിനി ഗുഡ്‌സ് വണ്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇതിനുള്ളില്‍ അകപ്പെട്ട തീര്‍ത്ഥാടകരെ പൊന്നാനി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.
കര്‍ണാടക ദര്‍വാഡ് ഹുബ്ബള്ളി സ്വദേശികളായ നിഖില്‍ പാണ്ഡേ, സൂരജ് പാണ്ഡേ, വിശ്വനാഥ്, ശുത്ഘഘട്ടി, ആകാശ് ചന്ദര്‍ ഗി, എല്ലപ്പ അക്കി, ഗുളേഷ് കുജാര്‍ എന്നിവരെ പരിക്കുകളോടെ പൊന്നാനി താലൂക്കാശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വാകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.