പി.ആർ. സുനു ഡി.ജി.പിക്ക് മുൻപാകെ ഹാജരാകില്ല; സാവകാശം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: പീഡനക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പിരിച്ചുവിടല്‍ നടപടി നേരിടുന്ന പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകില്ല.
ചികിത്സയിലാണെന്നും സാവകാശം വേണമെന്നും സുനു ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഇന്ന് രാവിലെ 11ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകണമെന്നായിരുന്നു സുനുവിന് നല്കിയ നിര്‍ദേശം.
പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായാണ് സുനുവിന് നോട്ടീസ് നല്‍കിയത്. ഇന്ന് നല്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയേനെ.
ഒന്‍പത് ക്രിമിനല്‍ കേസുകളിലെ പ്രതിയും 15 വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് പി.ആര്. സുനു. തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഉള്‍പ്പെട്ടതോടുകൂടി സുനുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, തനിക്കെതിരെയുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ നടപടിയുമായി ഡിജിപിക്ക് മുന്നോട്ടുപോകാമെന്നായിരുന്നു കോടതി ഉത്തരവ്.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 31ന് സുനു മറുപടി നല്കി. ഈ മറുപടി പരിശോധിച്ചാണ് ഡിജിപിക്ക് മുന്‍പാകെ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് വീണ്ടും നല്‍കിയത്.