പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല; പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍

Share our post

ഭരണഘടനയെ അവഹേളിച്ചതു കൊണ്ടാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് മന്ത്രി സ്ഥാനം രാജിവച്ചത്?

രാജി വയ്ക്കാന്‍ ഇടയായത് ഭരണഘടനയെ ഇടിച്ച് താഴ്ത്തിയുള്ള പ്രസംഗമാണ്. ആ പ്രസംഗം അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രസംഗം നടത്തിയ ആള്‍ വീണ്ടും മന്ത്രിയാകുന്നതിന്റെ യുക്തി എന്താണ്?

മുഖ്യമന്ത്രി അറിയാതെയല്ല സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്. സജി ചെറിയാന്‍ രാജിവച്ച സാഹചര്യത്തില്‍ നിന്നും എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

പ്രസംഗത്തിലെ അഭിപ്രായത്തോട് സി പി എം യോജിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ സി പി എമ്മും ആര്‍ എസ് എസിന്റെ ലൈന്‍ തന്നെയാണെന്ന് വിലയിരുത്തേണ്ടി വരും.

അസാധാരണമായ സഹചര്യത്തില്‍ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മ്മികവും തെറ്റുമാണ്.

വിവാദ പ്രസംഗത്തിന് ശേഷവും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. എന്നിട്ടും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെ എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും യു ഡി എഫ് തേടുമെന്ന് വി ഡി. സതീശന്‍ പറഞ്ഞു.

എല്ലാ കാര്യങ്ങളിലും ഗവര്‍ണറും സര്‍ക്കാരും വിയോജിപ്പുകള്‍ പറയുകയും ഒടുവില്‍ ഒന്നിച്ച് ചേരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളത്. ഇവര്‍ രണ്ടു പേരെയും യോജിപ്പിക്കാനുള്ള ഇടനിലക്കാരുണ്ട്. ഇതില്‍ ബി ജെ പി നേതാക്കളുടെയും പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്ത് നിന്ന് ആരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!