ഓണ്‍ലൈന്‍ ഗെയിമുകള്‍ രജിസ്റ്റര്‍ ചെയ്യണം, മേല്‍വിലാസം വേണം; കൈവിട്ട കളിക്ക് അറുതിവരുത്താന്‍ ഭേദഗതി

Share our post

സ്മാര്‍ട്‌ഫോണുകളിലോ, കംപ്യൂട്ടറുകളിലോ മറ്റ് കംപ്യൂട്ടര്‍ ഉപകരണങ്ങളിലോ ഇന്റര്‍നെറ്റിലുടെ ലഭ്യമാകുകയും കളിക്കാന്‍ സാധിക്കുകയും ചെയ്യുന്ന ഗെയിമുകളെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്ന് വിളിക്കുന്നത്. സമീപകാലത്തായി ഇത്തരം ഗെയിമുകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാല്‍ ഒട്ടേറെ ചതിക്കുഴികളും ഈ മേഖലയിലുണ്ട്. സാമ്പത്തിക നഷ്ടം ഉള്‍പ്പടെയുള്ള അപകടങ്ങളാണ് പല ഓണ്‍ലൈന്‍ ഗെയിമുകളിലും പതിയിരിക്കുന്നത്. അധികൃതരില്‍ നിന്നുള്ള കൃത്യമായ പരിശോധനയും നിയന്ത്രണവും ഇല്ലാത്തത് ഇതിന് വഴിവെച്ചു. ഈ സ്ഥിതിയ്ക്ക് മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്കും ഓടിടി പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങളെയും ലക്ഷ്യമിട്ടുള്ള 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയുടെ കരട് പുറത്തിറക്കിയിരിക്കുകയാണ് ഐടി മന്ത്രാലയം. ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കുകയും ഓണ്‍ലൈന്‍ ഗെയിമിങ് സേവനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയുമാണ് ഇതുവഴി.

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് ചട്ടങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയും ഉത്തരവാദിത്വപൂര്‍ണമായ ഗെയിമിങ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഗെയിമിങ് വ്യവസായത്തെ വ്യവസ്ഥാപിത രീതിയില്‍ പ്രോത്സാഹിപ്പിക്കുമെന്നും ചൂതാട്ടം, വാതുവെപ്പ് എന്നിവ സംസ്ഥാന വിഷയമാണെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇത്തരത്തില്‍ പണമിടപാടുകള്‍ തടയാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്കായി നേരത്തെ സമൂഹമാധ്യമങ്ങള്‍ക്കായി കൊണ്ടുവന്ന നിയമങ്ങള്‍ ഇതോടുകൂടി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ബാധകമാവും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗെയിം കളിക്കുന്നതിന് മാതാപിതാക്കളുടെ മേല്‍നോട്ടവും അനുമതിയും ആവശ്യമായിവരും.

ഡിജിറ്റല്‍ മാധ്യമങ്ങളെ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ഐടി നിയമങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ ഗെയിമിങ് സേവനങ്ങളും പാലിക്കേണ്ടതായിവരും. പരാതിപരിഹാര സംവിധാനം, നിയമം പാലിക്കുന്നുണ്ടെന്നുറപ്പിക്കാനുള്ള കംപ്ലയന്‍സ് സംവിധാനം, ഉപഭോക്താക്കളുടെ വെരിഫിക്കേഷന്‍, സേവനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള നിബന്ധനകളാണ് ഓണ്‍ലൈന്‍ ഗെയിമിങ് സേവനങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. അവ വിശദമായി നോക്കാം.

ഓണ്‍ലൈന്‍ ഗെയിമുകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം

ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ ഒരു സെല്‍ഫ് റഗുലേറ്ററി ബോഡിയില്‍ രജിസ്റ്റര്‍ ചെയ്യണം എന്നുള്ളതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. രജിസ്റ്റര്‍ ചെയ്തതായി ഉപഭോക്താക്കളെ അറിയിക്കുകയും വേണം. ഫീസ്, പ്രവര്‍ത്തന രീതി തുടങ്ങിയവ വ്യക്തമാക്കണം. നിയന്ത്രണങ്ങള്‍, സ്വകാര്യതാനയം, സേവന കാലയളവ്, ഉപയോക്താക്കളുമായുള്ള കരാറുകള്‍ തുടങ്ങിയവ ഉപയോക്താക്കളെ അറിയിക്കണം. പണനഷ്ടത്തിന്റെ സാധ്യത, ഗെയിമുകള്‍ക്ക് അടിമയാകാനുള്ള സാധ്യത തുടങ്ങിയവ രേഖപ്പെടുത്തണം.

ഉപഭോക്താക്കളുടെ അക്കൗണ്ട് വെരിഫിക്കേഷന്‍ നടത്തണം അന്ന് പുതിയ നിയമം നിര്‍ദേശിക്കുന്നു. അക്കൗണ്ട് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ പരിശോധന നടത്തുന്നതിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ മേല്‍നോട്ടത്തിലായിരിക്കണം ഗെയിം കളിക്കുന്നവരുടെയും വെരിഫിക്കേഷന്‍ പ്രക്രിയ നടത്തേണ്ടത്. വെരിഫിക്കേഷന്‍ പ്രക്രിയയുടെ അടിസ്ഥാന ആവശ്യത്തെ ബാധിക്കാത്തവിധം പ്രക്രിയയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്.

ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് ഗെയിം ഉപഭോക്താവിന്റെ അക്കൗണ്ട് വെരിഫൈ ചെയ്തിരിക്കണം. ഇങ്ങനെ വെരിഫൈ ചെയ്യുന്നവരുടെ അക്കൗണ്ടില്‍ മറ്റ് ഉപഭോക്താക്കള്‍ക്കെല്ലാം കാണും വിധം അത് വ്യക്തമാക്കുന്ന വെരിഫിക്കേഷന്‍ മാര്‍ക്ക് പ്രദര്‍ശിപ്പിക്കണം. വെരിഫിക്കേഷന് വേണ്ടി ഉപഭോക്താവ് നല്‍കിയ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ മറ്റൊരു ആവശ്യത്തിന് വേണ്ടിയും ഉപയോഗിക്കാന്‍ പാടില്ല.

ഇന്ത്യയില്‍ വിലാസം, പരാതി പരിഹാര സംവിധാനം, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍

ഇന്ത്യയില്‍ ലഭ്യമാക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമിങ് സേവനദാതാക്കള്‍ക്കും ഇന്ത്യയില്‍ വ്യക്തമായ വിലാസം ആവശ്യമാണെന്ന് പുതിയ നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ഈ വിലാസം അവരുടെ ആപ്പുകളിലും വെബ്‌സൈറ്റുകളിലുമെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കണം.

സോഷ്യല്‍ മീഡിയാ സേവനങ്ങളിലേത് പോലെ ഓണ്‍ലൈന്‍ ഗെയിമിങ് സേവനദാതാക്കളും സ്വന്തം പരാതി പരിഹാര സംവിധാനം ഒരുക്കിയിരിക്കണം. ഗെയിമിങ് കമ്പനിയിലെ ജീവനക്കാരന്‍ തന്നെയായിരിക്കണം പരാതി പരിഹാര ഉദ്യോഗസ്ഥന്‍. ഇയാള്‍ ഇന്ത്യയില്‍ താമസിക്കുന്നയാള്‍ ആയിരിക്കണം. പരാതികള്‍ ഐടി നിയമങ്ങള്‍ അനുസരിച്ച് സ്വീകരിക്കുകയും നടപടി സ്വീകരിക്കുകയും വേണം. പരാതികള്‍ സംബന്ധിച്ച് ഉപഭോക്താക്കളുമായി സമയബന്ധിതമായ ആശയവിനിമയം നടത്തിയിരിക്കണം. പരാതികള്‍ക്ക് നടപടി സ്വീകരിച്ചാലും ഇല്ലെങ്കിലും അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കണം.

കൂടാതെ സേവനത്തിന്റെ നിയമവിധേയമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് ഒരു ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ ഉണ്ടായിരിക്കണം. ഇത് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആയിരിക്കണം. ഇന്ത്യയില്‍ താമസിക്കുന്നയാള്‍ ആയിരിക്കണം. നിയമ പാലന ഏജന്‍സികളുമായി ആശയവിനിമയം നടത്തേണ്ടതും. നിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും ഈ ഉദ്യോഗസ്ഥനാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് അധികൃതര്‍ക്ക് ബന്ധപ്പെടുന്നതിന് വേണ്ടി ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ക്ക് പുറമെ ഒരു നോഡല്‍ കോണ്‍ടാക്റ്റ് പേഴ്‌സണും കമ്പനിക്ക് ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ ഗെയിമുകളുടെ രജിസ്റ്റര്‍ ചെയ്യേണ്ട സ്വയം നിയന്ത്രിത സംവിധാനം

ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരു സ്വയം നിയന്ത്രിത സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് പുതിയ നിയമം നിര്‍ദേശിക്കുന്നത്. ഐടി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സെല്‍ഫ് റെഗുലേഷന്‍ ബോഡികള്‍ക്കേ ഗെയിമുകളുടെ രജിസ്‌ട്രേഷന്‍ നടത്താനാവൂ. ഇതനുസരിച്ച് ഗെയിയിമിങ് രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള, കമ്പനി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കോ, സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ക്കോ സെല്‍ഫ് റെഗുലേഷന്‍ ബോഡിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷിക്കാം.

ഇത്തരം സെല്‍ഫ് റെഗുലേഷന്‍ ബോഡികളാവാന്‍ അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെയോ, സൊസൈറ്റിയുടെയോ ഡയറക്ടര്‍ ബോര്‍ഡിലോ, ഭരണ സംവിധാനത്തിലോ നിര്‍ബന്ധമായും ഓണ്‍ലൈന്‍ ഗെയിമിങ്, സ്‌പോര്‍ട്‌സ്, വിനോദം പോലുള്ള മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളാരെങ്കിലും ഒരാള്‍ വേണം. ഓണ്‍ലൈന്‍ ഗെയിം കളിക്കാരെ പ്രതിനിധീകരിക്കുന്ന ഒരാള്‍ വേണം. സൈക്കോളജി, മെഡിസിന്‍, കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ പോലുള്ള മേഖലകളില്‍ ഏതിലെങ്കിലും നിന്നുള്ളവ ഒരാള്‍ വേണം.

ഇത് കൂടാതെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പൊതുനയം, പൊതുഭരണം, നിയമ പാലനം, ഫിനാന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലും മേഖലയില്‍ നിന്നുള്ള ഒരാള്‍ അംഗമായിരിക്കണം. വിവര സാങ്കേതിക വിദ്യാ രംഗത്തുനിന്നുള്ള പ്രതിനിധിയും വേണം.

ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന സെല്‍ഫ് റെഗുലേറ്ററി ബോഡിക്ക് ഓണ്‍ലൈന്‍ ഗെയിമിങ് സേവനങ്ങളില്‍ നിന്നുള്ള അംഗത്വ അപേക്ഷകള്‍ സ്വീകരിച്ച് നിയമവിധേയമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അംഗത്വം നല്‍കാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന സേവനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സെല്‍ഫ് റെഗുലേറ്ററി ബോഡി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം.

രജിസ്ട്രേഷൻ വിവരങ്ങൾ പ്രദർശിപ്പിക്കണം

സെല്‍ഫ് റെഗുലേറ്ററി ബോഡിയില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ഗെയിമിങ് സേവനങ്ങള്‍ രജിസ്‌ട്രേഷന്‍ മാര്‍ക്ക് എല്ലാവര്‍ക്കും കാണാന്‍ സാധിക്കും വിധം പ്രദര്‍ശിപ്പിച്ചിരിക്കണം.

ഗെയിമിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സമ്മാനങ്ങള്‍ സംബന്ധിച്ചും അതിന് വേണ്ടി സ്വീകരിക്കുന്ന പണം, അവ എങ്ങനെ പിന്‍വലിക്കാം, റീഫണ്ട് എങ്ങനെ, ഗെയിമിന് വേണ്ടിവരുന്ന ഫീസുകള്‍ മറ്റ് ചാര്‍ജുകള്‍, സാമ്പത്തിക നഷ്ട സാധ്യത, ഉപഭോക്താവ് നല്‍കിയ പണത്തിന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍. എന്നിവ സംബന്ധിച്ച് ഉപഭോക്താവിനെ കൃത്യമായി അറിയിച്ചിരിക്കണം.

രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായോ, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിധത്തിലോ ഓണ്‍ലൈന്‍ ഗെയിമിങ് സേവനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

ഇങ്ങനെ നിയമവിധേയമായി ഓണ്‍ലൈന്‍ ഗെയിമുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേഗഗതികള്‍ ഐടി നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!