നടക്കല്‍ ഉണ്ണികൃഷ്ണന് വിട; വികാര നിര്‍ഭര യാത്രാമൊഴിയുമായി ‘അജഗജാന്തരം’ ടീം

Share our post

മലയാളിക്കെന്നും ആനച്ചിത്രങ്ങളോട് പ്രിയമേറെയാണ്. തലയെടുപ്പോടെ ആന വെള്ളിത്തിരയിലേക്ക് അടിവെച്ചു കയറിയപ്പോഴൊക്കെ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. നായകനായും ചിലപ്പോഴൊക്കെ നായകനോളം പോന്ന തലപ്പൊക്കത്തിലും ആനക്കഥകള്‍ ബിഗ് സ്‌ക്രീനില്‍ ചരിത്രം രചിച്ചിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്ത സിനിമയായിരുന്നു ‘അജഗജാന്തരം’. ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍രംഗങ്ങളുമായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു.

ആന്റണി വര്‍ഗ്ഗീസ് നായകനായ ‘അജഗജാന്തര’ത്തിലെ പ്രധാന കഥാപാത്രമായെത്തിയിരുന്നത് നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയായിരുന്നു. നെയ്‌ശേരി പാര്‍ഥന്‍ എന്ന പേരിലായിരുന്നു ചിത്രത്തില്‍ ആനയെത്തിയിരുന്നത്. ഇപ്പോഴിതാ ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞെന്ന വാര്‍ത്ത സിനിമാപ്രേമികളേവരേയും കണ്ണീരാഴ്ത്തിയിരിക്കുകയാണ്.

‘നടയ്ക്കല്‍ ഉണ്ണികൃഷ്ണന് പ്രണാമം’ എന്ന് കുറിച്ചുകൊണ്ടാണ് അജഗജാന്തരം സംവിധായകന്‍ ടിനു പാപച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഉണ്ണികൃഷ്ണന് വിട…അജഗജാന്തരം ഇത്ര മികച്ചതാക്കാന്‍ കൂടെ നിന്ന ഞങ്ങളുടെ സ്വന്തം പാര്‍ത്ഥന്‍’ എന്നാണ് അജഗജാന്തരത്തിലെ നായകന്‍ ആന്റണി വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘പാര്‍ത്ഥന്‍ മരിക്കില്ലൊരിക്കലും ജനമനസ്സുകളില്‍ ജീവിക്കും’, ‘വാടാ ആനേടടുത്തേക്ക് വാ’…എന്നൊക്കെയെഴുതി കണ്ണീര്‍ പ്രണാമങ്ങളുമായി നിരവധിപേരും ഇവരുടെ പോസ്റ്റിന് താഴെ ആനയ്ക്ക് ആദരാഞ്ജലികളുമായെത്തിയിട്ടുണ്ട്.

ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരുന്നു ‘അജഗജാന്തരം’. ആനയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നതും ഏറെ പ്രത്യേകതയായിരുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമൊക്കെയായെത്തിയ അജഗജാന്തരം വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നവുമായിരുന്നു.

വിവിധ സിനിമകളില്‍ കഥാപാത്രമായെത്തിയിട്ടുമുണ്ട് നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍. അജഗജാന്തരം കൂടാതെ ഒടിയന്‍, പഞ്ചവര്‍ണ്ണതത്ത, തിരുവമ്പാടി തമ്പാന്‍, കുങ്കി, ഹാത്തിമേരാ സാത്തി, പാല്‍തു ജാന്‍വര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ച് ഏവരുടേയും മനം കവര്‍ന്നിട്ടുമുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന. 1982ല്‍ പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ചത്.

പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടയ്ക്കല്‍ വര്‍ക്കി എന്നയാള്‍ വാങ്ങുകയായിരുന്നു. ഒട്ടുമിക്ക ഗജലക്ഷണങ്ങളും തികഞ്ഞ ഉണ്ണികൃഷ്ണന്‍ ശാന്ത സ്വഭാവിയും എളുപ്പത്തില്‍ ഇണങ്ങുകയും ചെയ്തിരുന്ന ആനയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!