കണ്ണൂർ-വീരാജ്‌പേട്ട പാതയിൽ അരനൂറ്റാണ്ടിന്റെ തിളക്കവുമായി ലക്ഷ്മി

Share our post

ഇരിട്ടി: കഴിഞ്ഞ ദിവസം കണ്ണൂർ താവക്കര ബസ്‌സ്‌റ്റാൻഡിൽ വെളുപ്പിന്‌ ഏഴു മണിക്ക്‌ നടന്ന ചടങ്ങ്‌ വേറിട്ടതായിരുന്നു. അന്തർസംസ്ഥാന പാതയിൽ 52 വർഷം സർവിസ്‌ നടത്തിയ സ്വകാര്യ ബസ്‌ സർവിസിന്റെ പുത്തൻ ബസ്‌ പുറത്തിറക്കുന്ന ചടങ്ങ്‌. മലബാർ റൈഡേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു പുതിയ ബസിന്‌ വരവേൽപ്. അരനൂറ്റാണ്ടിന്റെ സ്വകാര്യ ബസ്‌ പെരുമയുമായി കണ്ണൂരിൽനിന്ന്‌ കർണാടകത്തിലെ കുടകിലേക്കാണ്‌ ലക്ഷ്‌മി ബസിന്റെ യാത്ര.

കുടക്‌ മലയാളി ബന്ധത്തിന്റെ ഊഷ്‌മളതയും വ്യാപാര, വിനിമയത്തിന്റെ ചരിത്രവുമുണ്ട്‌ 1970ൽ സർവിസാരംഭിച്ച ലക്ഷ്‌മിക്ക്‌.നിലവിൽ വീരാജ്‌പേട്ടയിലേക്ക്‌ രണ്ടും കുട്ടയിലേക്ക്‌ ഒന്നും ബസ്‌ സർവിസുകളും കണ്ണൂർ ജില്ല ആസ്ഥാനത്തെ കുടക്‌ ജില്ല ആസ്ഥാനമായ മടിക്കേരിയുമായി ബന്ധിപ്പിക്കുന്ന ഒരു സർവിസും ലക്ഷ്‌മിക്കുണ്ട്‌. 70 വരെ കുട്ടയിൽനിന്ന്‌ കണ്ണൂരിലേക്ക്‌ സർവിസ്‌ നടത്തിയ ശ്രീരാമ ബസ്‌ സർവിസിന്റെ പെർമിറ്റ്‌ ഏറ്റെടുത്താണ്‌ ലക്ഷ്‌മി ബസ്‌ 52 കൊല്ലം മുമ്പ്‌ ആദ്യത്തെ കുടക്‌ യാത്രക്ക്‌ 1970 മേയ്‌ മാസം തുടക്കമിട്ടത്‌.

കുടക്‌ മലയാളികൾ, കുടകിലെ പാരമ്പര്യ കർഷകർ, എസ്‌റ്റേറ്റുടമകൾ എന്നിവരിലേക്കുള്ള വിസിൽ മുഴക്കിയാണ്‌ ഇരു സംസ്ഥാനത്തെ യാത്രക്കാരുടെയും പ്രിയപ്പെട്ട ലക്ഷ്‌മി ബസ്‌ കിതക്കാതെ ഇന്നും കുതിക്കുന്നത്‌. 15 കൊല്ലം മുമ്പത്തെ ഉരുൾപൊട്ടലിൽ ചുരം റോഡ്‌ തകർന്നപ്പോഴാണ്‌ ലക്ഷ്‌മിയുടെ യാത്ര നീണ്ട വിസിലിൽ നിലച്ചത്‌.

റോഡ്‌ നവീകരണത്തോടെ പുനരാരംഭിച്ച സർവിസുകൾ രണ്ടു കോവിഡ്‌ കാലത്തും നിലച്ചു. പ്രതിസന്ധികളിൽ പതറാതെ പാരമ്പര്യയാത്രയുടെ ഡബ്ൾ ബെല്ലടിച്ച്‌ ഇന്നും കണ്ണൂരിൽനിന്ന്‌ കുടകിലേക്ക്‌ തലയെടുപ്പോടെ സഞ്ചരിക്കുകയാണീ ബസ്‌ സർവിസുകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!