വയോധികയെ തോര്‍ത്ത് മുറുക്കി കൊന്നത് വീട്ടില്‍ ജോലിക്കെത്തിയവര്‍; സ്ത്രീ അടക്കം രണ്ടുപേര്‍ പിടിയില്‍

Share our post

പാലക്കാട്: വീടിനുള്ളില്‍ വയോധികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ കെട്ടിടനിര്‍മാണ ജോലിക്കെത്തിയ ഇരുവരും ശനിയാഴ്ച ഉച്ചയോടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്കല്‍വീട്ടില്‍ പത്മാവതി(74)യെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം പത്മാവതി ഒറ്റയ്ക്കായിരുന്നു തറവാട്ടുവീട്ടില്‍ താമസം. മകനും കുടുംബവും തറവാടിനോട് ചേര്‍ന്ന മറ്റൊരുവീട്ടിലാണുള്ളത്.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി മകന്‍ അമ്മയെ വിളിക്കാനെത്തിയപ്പോളാണ് പത്മാവതിയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു.

സംഭവം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ പോലീസിന് വ്യക്തമായിരുന്നു. കഴുത്തിലുണ്ടായ ബലപ്രയോഗമാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരെയും പിടികൂടിയത്.

പത്മാവതിയുടെ വീട്ടില്‍ ചില നിര്‍മാണപ്രവൃത്തികള്‍ നടന്നിരുന്നു. ഇതിന്റെ ജോലിക്കെത്തിയവരാണ് സത്യഭാമയും ബഷീറും. വീട്ടില്‍ പത്മാവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കി പ്രതികളായ രണ്ടുപേരും മൂന്നുദിവസം മുന്‍പേ മോഷണം ആസൂത്രണം ചെയ്തതായാണ് പോലീസ് പറയുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് മറ്റു തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ തങ്ങള്‍ ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്നും പുറത്തുപോവുകയാണെന്നും പറഞ്ഞ് ഇരുവരും ജോലിസ്ഥലത്തുനിന്ന് കടന്നു.

തുടര്‍ന്ന് പത്മാവതിയുടെ വീടിനകത്ത് കയറി ഇവരുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. പത്മാവതി മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ രണ്ടുപേരും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് പത്മാവതിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാല മോഷ്ടിച്ച് കടന്നുകളഞ്ഞു.

മോഷ്ടിച്ച മാല ബഷീറാണ് ചിറ്റൂരിലെ ജൂവലറിയില്‍ വില്പന നടത്തിയത്. മൂന്നുദിവസം മുന്‍പേ ഇതേ ജൂവലറിയിലെത്തി മാല കൊണ്ടുവന്നാല്‍ എടുക്കുമോയെന്ന് സത്യഭാമ തിരക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ മോഷണം ആസൂത്രണം ചെയ്തതിന്റെ പ്രധാന തെളിവാണിതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!