ശ്രീകണ്ഠപുരം: തുടരുന്ന വിളനാശവും വിലക്കുറവുമെല്ലാം കരിനിഴൽവീഴ്ത്തിയ കർഷകസ്വപ്നങ്ങൾക്ക് പ്രതീക്ഷയുടെ പൂക്കളുമായി മറ്റൊരു കശുവണ്ടിക്കാലം വരവായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരഗ്രാമങ്ങളിൽ ഇത്തവണ നേരത്തെതന്നെ കശുമാവുകൾ പൂവിട്ടുതുടങ്ങിയിട്ടുണ്ട്.
രണ്ട് വർഷം ലോക്ഡൗണിൽ കുടുങ്ങി വിൽപനപോലും മുടങ്ങിപ്പോയതിന്റെ സങ്കടം കഴിഞ്ഞവർഷം തീരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന് കശുവണ്ടിക്കർഷകർ പറയുന്നു. വിലയുണ്ടായിട്ടും വിളവില്ലാത്തതിന്റെയും ഉൽപാദനം കൂടിയപ്പോൾ വിലയിടിവുണ്ടായതിന്റെയും ദുരിതമനുഭവിച്ച കശുവണ്ടിക്കർഷകർ ഇത്തവണ ഏറെ പ്രതീക്ഷയിലാണുള്ളത്.
കഴിഞ്ഞവർഷം സീസൺതുടക്കത്തിൽ കശുവണ്ടിക്ക് കിലോക്ക് 110-112 രൂപയാണ് വില ലഭിച്ചത്. ഇത് വളരെ കുറവാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കൊല്ലത്തേക്ക് ആദ്യ ലോഡ് കയറ്റിയത് കഴിഞ്ഞവർഷം ഫെബ്രുവരി ആദ്യവാരമായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റുകളിലടക്കം വൻ ഡിമാൻഡാണ്.
ഉൽപാദനം കൂടുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്താൽ കർഷകപ്രതീക്ഷ തിളങ്ങും. റബറും കുരുമുളകും ഉൾപ്പെടെ കർഷകപ്രതീക്ഷക്ക് മങ്ങലേൽപിച്ചതിനാൽ കശുവണ്ടിയെങ്കിലും ആശ്വാസമേകുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.അതുകൊണ്ടുതന്നെ വായ്പയെടുത്തും മറ്റും ഏക്കറുകണക്കിന് കശുവണ്ടിത്തോട്ടങ്ങൾ ഇത്തവണയും കർഷകർ പാട്ടത്തിനെടുത്തു തുടങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ കശുവണ്ടിയും കർഷകനെ കൈയൊഴിഞ്ഞ സ്ഥിതിയായതിനാൽ പാട്ടത്തിനെടുത്തവർ കടബാധ്യതയിലായി.
സീസൺ തുടക്കത്തിൽ 100 രൂപ ലഭിച്ചിരുന്ന വർഷങ്ങളിൽ സീസൺ പകുതിയായപ്പോൾ 90 മുതൽ 50വരെ മാത്രമായി കശുവണ്ടി വിലയിടിഞ്ഞ അവസ്ഥയാണുണ്ടായത്. ലോക്ഡൗൺ കാലത്ത് കടകൾ തുറക്കാത്തതിനാൽ ആഴ്ചകളോളം കശുവണ്ടി വീടുകളിലും തോട്ടങ്ങളിലും കൂട്ടിയിടേണ്ടിവന്ന ദുരവസ്ഥ കർഷകനെ കണ്ണീർ കുടിപ്പിച്ചതിന്റെ ഓർമയാണുള്ളത്. സഹകരണ ബാങ്കുകൾ മുഖേന കശുവണ്ടിസംഭരണത്തിന് സർക്കാർ തയാറായെങ്കിലും നാമമാത്രവിലയാണ് അന്ന് ലഭ്യമാക്കിയത്.
പലപ്പോഴും മൊത്തക്കച്ചവട ലോബിയുടെ കളികളാണ് വിലയിടിവ് ഉണ്ടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലടക്കം ഇവിടെനിന്ന് കയറ്റിയയക്കുന്ന കശുവണ്ടിപ്പരിപ്പിന് വൻ തുകയും ഏറെ ആവശ്യക്കാരുമുണ്ടെന്നിരിക്കെയാണ് കർഷകർക്ക് കുറഞ്ഞ വില മാത്രം നൽകുന്നത്. 50 ഗ്രാം കശുവണ്ടി പരിപ്പ് പാക്കറ്റിലാക്കി ഇവിടെ കടകളിലെത്തുമ്പോൾ ഗുണനിലവാരമനുസരിച്ച് 45 മുതൽ 85 രൂപ വരെയും അതിലധികവും വിലയീടാക്കുന്നുണ്ട്.
ഒന്നാം തരം കശുവണ്ടിപ്പരിപ്പിന് കിലോക്ക് 1000 രൂപയിലധികവും രണ്ടാം തരത്തിന് 880 രൂപയുമാണ് വില. ഇത് പലയിടങ്ങളിലും വ്യത്യാസപ്പെടുന്നുമുണ്ട്. എങ്കിലും കർഷകൻ വിൽക്കുന്ന കശുവണ്ടിക്ക് ഒരു കിലോക്ക് കിട്ടുന്നത് നാമമാത്ര തുകയാണ്.കിലോഗ്രാമിന് 150 രൂപ വരെ കർഷകന് ലഭിച്ച കാലമുണ്ടായിരുന്നെങ്കിലും പിന്നീട് വില കുറഞ്ഞ സീസണുകളാണുണ്ടായത്. 180-200 വരെയെങ്കിലും ഒരു കിലോ കശുവണ്ടിക്ക് സീസൺ തീരുംവരെ ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടാൽ കർഷകദുരിതങ്ങൾക്ക് ഒരുപരിധിവരെ ശമനമാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞവർഷം സീസൺ തുടക്കത്തിൽ 100-112 വരെ വില നൽകി കർഷകരിൽനിന്ന് കശുവണ്ടി വാങ്ങിയെങ്കിലും നഷ്ടത്തിൽ വിൽക്കേണ്ടിവന്നുവെന്നും സീസൺ പകുതിയാവുമ്പോൾ 60-55 രൂപവരെയാണ് വിലയുണ്ടായതെന്നും ചെങ്ങളായിയിലെ മലഞ്ചരക്ക് വ്യാപാരി കെ.പി. മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു. കാലാവസ്ഥാവ്യതിയാനവും തേയിലക്കൊതുക് ശല്യവും ഉൾപ്പെടെ ബാധിച്ചില്ലെങ്കിൽ ഇത്തവണ നല്ല കശുവണ്ടി ഉൽപാദനം നടക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. വിലസ്ഥിരതയും സംഭരണവും ഉറപ്പാക്കാൻ സർക്കാർ തയാറായാൽ അത് കർഷകരക്ഷയാവുകയും ചെയ്യും.