കത്ത് വിവാദം: മേയറുടെ ഓഫീസിലെ കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു, ആര്യയുടെ പോക്കിൽ പാർട്ടിക്കും തൃപ്തിയില്ല
        തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു. ഡി ആർ അനിലിന്റെ മൊബൈലും ഫോറൻസിക് പരിശോധനക്ക് നൽകിയിട്ടുണ്ട്.കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനെതിരെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.
അനിലിനെതിരെയും ഉയർന്ന നിയമനക്കത്ത് ആരോപണങ്ങളിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാനായെങ്കിലും മേയറുടെ പ്രവർത്തനങ്ങളിലും സമീപനത്തിലും പാർട്ടി നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തുവന്നാലും മേയറെ മാറ്റില്ലെന്ന ആദ്യ നിലപാടിൽ നിന്ന് കോടതിവിധിക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് സമവായ ചർച്ചയിൽ സമ്മതിച്ചത് ഇതിന് തെളിവാണെന്നാണ് വിലയിരുത്തുന്നത്.
ഇന്നലെ മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവൻകുട്ടിയുടെയും സാന്നിദ്ധ്യത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഡി.ആർ. അനിലിനെ മാറ്റി നിറുത്തിക്കൊണ്ടുള്ള സമവായത്തിന് ധാരണയായത്. ഡി.ആർ. അനിലിനെ സ്ഥാനത്തുനിന്നു നീക്കാൻ ധാരണയായെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി എം.ബി. രാജേഷ് മറ്റ് കക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ മാദ്ധ്യമങ്ങളെ അറിയിച്ചു. മേയർക്കെതിരായ കേസ് പരിഗണനയിലായതിനാൽ കോടതി നിർദ്ദേശം അനുസരിച്ച് മാത്രമേ തുടർനടപടി സ്വീകരിക്കാനാകൂവെന്ന മന്ത്രിമാരുടെ നിലപാട് പ്രതിപക്ഷ നേതാക്കൾ അംഗീകരിക്കുകയായിരുന്നു.
ഇതോടെ കോർപ്പറേഷനിൽ നടത്തിവന്ന സമരം പിൻവലിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും അറിയിച്ചു. മേയർക്കെതിരായ ആരോപണത്തിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ അത് നിയമപരമായി നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി. മേയർക്കെതിരായ കത്ത് വ്യാജമാണെന്ന നിലപാടിലാണ് കോർപ്പറേഷനും സർക്കാരും. എന്നാൽ, എസ്.എ.ടി ആശുപത്രിയിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക തേടിക്കൊണ്ട് ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് താനാണെന്ന് ഡി.ആർ. അനിൽ നേരത്തെ സമ്മതിച്ചിരുന്നു.
ഇതോടെ അനിലിന്റെ രാജിയല്ലാതെ മറ്റൊന്നും സമവായത്തിന് മുന്നിലുണ്ടായിരുന്നില്ല.കോർപ്പറേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻസഹകരിക്കണമെന്ന് മന്ത്രിമാർകോർപ്പറേഷനിൽ പ്രശ്നങ്ങളുണ്ടെന്നു മന്ത്രിമാർ ചർച്ചയിൽ സമ്മതിച്ചു. എന്നാൽ, വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മേയറുമായി സഹകരിക്കണമെന്നും മന്ത്രിമാർ പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു. മേയർ ധാർഷ്ഠ്യത്തോടെയാണ് പെരുമാറുന്നതെന്നും ഇതാണ് പ്രകോപനത്തിനു വഴിതെളിക്കുന്നതെന്നും ബി.ജെ.പി, യു.ഡി.എഫ് നേതാക്കൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
കോർപ്പറേഷനിലെ മറ്റു വിഷയങ്ങൾ സ്‌കൂൾ കലോത്സവത്തിനു ശേഷം പരിശോധിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു.സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയിൽ ഇടത് നേതാക്കളായ സി. ജയൻബാബു,രാഖി രവികുമാർ, യു.ഡി.എഫ് നേതാക്കളായ പാലോട് രവി, പി.കെ. വേണുഗോപാൽ,പെരുന്താന്നി പത്മകുമാർ,ബി.ജെ.പി നേതാക്കളായ വി.വി. രാജേഷ്, എം.ആർ.ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
