സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നു മുതൽ

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി ഒന്നുമുതൽ ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ ഇവ അടുത്ത നവംബർ അഞ്ചിനും ഡിസംബർ 14-നും ഇടയിൽ നടത്തും.
ഇതുസംബന്ധിച്ച് സി.ബി.എസ്.ഇ. പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് സ്കൂൾ മേധാവികൾക്ക് കത്തയച്ചു. പരീക്ഷാ നടത്തിപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാനുള്ള എക്സ്‌റ്റേണൽ അധ്യാപകരെ ബോർഡ് നേരിട്ട് നിയമിക്കും. സ്കൂളുകൾക്ക് സ്വന്തംനിലയ്ക്ക് ഇൻവിജിലേറ്റർമാരെ നിയമിക്കാൻ അനുമതിയില്ല.
തിയറി പരീക്ഷകൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ബോർഡ് നേരത്തേ അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദവിവരങ്ങൾക്ക്: https://www.cbse.gov.in/ കാണുക.