നഗര സൗന്ദര്യവത്കരണം ടൂറിസത്തിന്റെ ഭാഗം; മന്ത്രി മുഹമ്മദ് റിയാസ്

Share our post

നഗര സൗന്ദര്യവത്കരണം ടൂറിസത്തിന്റെ ഭാഗമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ധര്‍മ്മടം മണ്ഡലത്തിലെ പനയത്താംപറമ്പ് അപ്പക്കടവ് റോഡിലെ മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുഴപ്പാല നഗര സൗന്ദര്യവത്കരണവും, പൂര്‍ത്തീകരിച്ച അനുബന്ധ നിര്‍മ്മാണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജങ്ഷനുകളുടെ സൗന്ദര്യവത്കരണം സര്‍ക്കാറിന്റെ പ്രത്യേക പരിഗണനയിലാണ്. കേരളത്തില്‍ സംസ്ഥാന രൂപീകരണ ശേഷം ഏറ്റവും കൂടുതല്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ ഈ വര്‍ഷമാണ് എത്തിയത്. ടൂറിസം വളരുന്നതോടൊപ്പം നാടിന്റെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും വളര്‍ച്ച കൈവരുന്നു. കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമായ വാഹനപ്പെരുപ്പം പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു.

മൂന്ന് കോടി രൂപ ചിലവിലാണ് സൗന്ദര്യവത്കരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ബസ് ഷെല്‍ട്ടറുകള്‍, നാടിന്റെ സാംസ്‌കാരികത ദൃശ്യമാകുന്ന കലാരൂപങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ചിത്രപ്പണികള്‍, എല്‍ ഇ ഡി സൈനേജ് ദിശാബോര്‍ഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ വിശിഷ്ടാതിഥിയായി. കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുരേന്ദ്രന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി വി വത്സല, പി ഷൈമ, കോഴിക്കോട് പൊതുമരാമത്ത് ഉത്തര മേഖല നിരത്തുകള്‍ വിഭാഗം സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ കെ ബാബുരാജ്, കെ കെ ജയരാജന്‍ മാസ്റ്റര്‍, മാമ്പ്രത്ത് രാജന്‍, എം കെ അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍, വി സി വാമനന്‍, കെ സി ജയപ്രകാശന്‍, വി സുരേശന്‍ എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!