തലശേരിയിൽ ജില്ലാ കോടതി സമുച്ചയം മാർച്ചിൽ പൂർത്തിയാകും

Share our post

തലശേരി: നീതിതേടി ജില്ലാ കോടതിയിലെത്തുന്നവർക്ക്‌ ഇനി കൂടുതൽ മെച്ചപ്പെട്ട സൗകര്യം. ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ കോടതി സമുച്ചയ നിർമാണം മാർച്ചിൽ പൂർത്തിയാവും. എട്ടുനില കെട്ടിടത്തിലെ ഇലക്‌ട്രിക്കൽ, പ്ലംബിങ്ങ്‌ പ്രവൃത്തി പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ ഉൾവശം സിമന്റ്‌ തേപ്പ്‌ പൂർത്തിയായി. പെയിന്റിങ്ങും ആരംഭിച്ചു. പുറമെയുള്ള തേപ്പ്‌ ജോലി തുടരുകയാണ്‌.

ഓർഡർ നൽകിയ ടൈൽസ്‌ ജനുവരി ഒമ്പതിന്‌ എത്തുന്നതോടെ മൂന്ന്‌ ഷിഫ്‌റ്റിൽ പ്രവൃത്തി നടത്തും. വാട്ടർ ടാങ്കിന്റെ ഒഴികെയുള്ള കോൺക്രീറ്റ്‌ ജോലികൾ കഴിഞ്ഞു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ ഫർണിച്ചറിനുള്ള ഓർഡർ നൽകും.ദേശീയപാതയിൽനിന്ന്‌ 15 മീറ്റർ മാറി അറബിക്കടലിന്‌ അഭിമുഖമായി അത്യാധുനിക സംവിധാനത്തോടെ 55 കോടി ചെലവിലാണ്‌ കെട്ടിടമൊരുങ്ങുന്നത്‌. 1,40,000 സ്‌ക്വയർ ഫീറ്റ്‌ വിസ്‌തൃതിയുള്ള കെട്ടിടസമുച്ചയം കിഫ്‌ബി ഫണ്ടിലാണ്‌ നിർമിക്കുന്നത്‌. 107 മുറികളുണ്ട്‌.

പൈതൃക സ്‌മാരകങ്ങളായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ കോടതിയും മുൻസിഫ്‌ കോടതിയും ഒഴികെയുള്ള തലശേരിയിലെ മുഴുവൻ കോടതിയും പുതിയ കെട്ടിടത്തിലേക്ക്‌ മാറും.കോടതി ഹാളുകൾ, ലൈബ്രറി, വിശ്രമമുറി, വനിതാ അഭിഭാഷകർക്കുള്ള മുറി, സാക്ഷികൾക്കും പ്രതികൾക്കുമുള്ള മുറികൾ, ക്യാന്റീൻ, സോളാർ വൈദ്യുതി, ജലസംഭരണി, ജുഡീഷ്യൽ ഓഫീസർമാർക്കായി ഇ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളിവിടെയുണ്ടാകും.
കൺസ്‌ട്രക്‌ഷൻ കോർപ്പറേഷൻ മേൽനോട്ടത്തിൽ മഞ്ചേരിയിലെ നിർമാൺ കൺസ്‌ട്രക്‌ഷൻ പ്രൈവറ്റാണ്‌ നിർമാണം.
കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ 33 വാഹനം പാർക്ക്‌ ചെയ്യാം.

സമീപത്ത്‌ അമ്പത്‌ വാഹനം പാർക്ക്‌ ചെയ്യാനാകും. 3,20,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയാണ്‌ മറ്റൊരു പ്രത്യേകത. ഹൈക്കോടതി കെട്ടിടത്തോട്‌ കിടപിടിക്കുന്നതാണ്‌ കെട്ടിടത്തിന്റെ ഘടന. 2020 ഒക്‌ടോബർ 16ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പ്രവൃത്തി ഉദ്‌ഘാടനംചെയ്‌തത്‌. 2017–-18ലെ ബജറ്റിലാണ്‌ എൽഡിഎഫ്‌ സർക്കാർ തലശേരിയിൽ കോടതി സമുച്ചയം പ്രഖ്യാപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!