മൂന്നാംപാലം കടക്കാൻ ‘പാലം’ തുറന്നു

കാടാച്ചിറ: ധർമടം മണ്ഡലത്തിൽ ചൊവ്വ-–-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലത്ത് പ്രവൃത്തി പൂർത്തീകരിച്ച പാലത്തിന്റെയും പുതിയ പാലത്തിന്റെയും ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. രണ്ടാമത്തെ പാലം നാല് മാസം കൊണ്ട് പണി പൂർത്തിയാക്കി ഏപ്രിലിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
2.27 കോടി രൂപയ്ക്കാണ് പാലം നിർമിച്ചത്. 11.90 മീറ്റർ നീളവും ഇരു ഭാഗങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുൾപ്പെടെ 11 മീറ്റർ വീതിയുണ്ട്. പുനർനിർമിക്കുന്ന പാലത്തിന് 2.30 കോടി രൂപയാണ് ചിെലവ്. വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ പഴയ പാലത്തിന് പകരമായാണ് പുതിയ പാലം നിർമിക്കുന്നത്. ഇതിനോടനുബന്ധിച്ച് കൂത്തുപറമ്പ് ഭാഗത്ത് 65 മീറ്റർ നീളത്തിലും കണ്ണൂർ ഭാഗത്ത് 25 മീറ്റർ നീളത്തിലും അനുബന്ധ റോഡുകളും പാർശ്വഭിത്തിയും ഡ്രെയിനേജും നിർമിക്കും.
പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് എ. വി ഷീബ അധ്യക്ഷയായി. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ചന്ദ്രൻ കല്ലാട്ട് , എൻ .പി ശ്രീധരൻ , എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി ബാലഗോപാലൻ, ബേബി ധന്യ, കെ. വി സിവിത, എം. കെ മുരളി, ടി പ്രകാശൻ, സി പി അബ്ദുൾ ലത്തീഫ്, വി .സി വാമനൻ, വി കെ ഗിരിജൻ, പി .കെ മിനി, ജി എസ് ജ്യോതി എന്നിവർ സംസാരിച്ചു.