കനത്ത പേമാരിയും ഉരുൾ പൊട്ടലും വെള്ളപൊക്കവും! കണ്ണൂർ ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പ്രകൃതിദുരന്തഭീഷണിയായിരുന്നു വ്യാഴാഴ്ച രാവിലെ മുതൽ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസം. ആർത്തലച്ച് പെയ്ത മഴയും വെള്ളപ്പൊക്കവും ജില്ലയെ ദുരന്തഭൂമിയാക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമായി. ജില്ലാ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ ഇൻസിഡന്റൽ റെസ്‌പോൺസ് സംവിധാനം ഉണർന്നു.
താലൂക്ക് തലത്തിൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. കരകവിഞ്ഞൊഴുകിയ ഇരിട്ടി തൊട്ടിപ്പാലം പുഴയ്ക്കപ്പുറം കുടുങ്ങിയ കുടുംബത്തിലെ അഞ്ച് പേരെ റോപ്പുപയോഗിച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി. പുഴയിൽ വീണ മൂന്ന് പേരെ കരക്കെത്തിച്ചു. എല്ലായിടത്തും ജാഗ്രത.. കരകവിഞ്ഞൊഴുകിയ ഇരിട്ടി തൊട്ടിപ്പാലം പുഴയ്ക്കപ്പുറം കുടുങ്ങിയ കുടുംബത്തിലെ അഞ്ച് പേരെ റോപ്പുപയോഗിച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി. പുഴയിൽ വീണ മൂന്ന് പേരെ കരക്കെത്തിച്ചു.
എല്ലായിടത്തും ജാഗ്രത. ഞെട്ടേണ്ട സംഗതി വാസ്തവമല്ല.!
കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായി ജില്ലയിലെ അഞ്ച് താലൂക്ക് കേന്ദ്രങ്ങളിൽ നടത്തിയ പ്രളയ ദുരന്ത മോക്ക് ഡ്രില്ലിന്റെ ഭാഗമാണിത്. കനത്ത മഴ, പ്രളയം, ഉരുൾപ്പൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും രക്ഷാപ്രവർത്തനത്തിനായി വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങളും സജ്ജമാക്കുന്നതിന്റെ ഭാഗമായി നടത്തിയ മോക് ഡ്രിൽ.
വിവിധ താലൂക്കുകളിലെ കഥയും ആക്ഷനും ഇങ്ങനെ: തൊട്ടിപ്പാലത്ത് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 32 മദ്രസ വിദ്യാർഥികളെയും ദുരന്തഭീഷണി നേരിടുന്ന കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തളിപ്പറമ്പ് താലൂക്കിലെ ശ്രീകണ്ഠപുരത്ത് നാലു രോഗികളെ ഉൾപ്പടെ 21 പേരെ മാറ്റിപ്പാർപ്പിച്ചു. ശ്രീകണ്ഠപുരം പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതായി അറിയിപ്പ് ലഭിച്ചതോടെ പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന നിവിൽ ആശുപത്രിയിൽ നിന്നാണ് രോഗികളെ അടിയന്തരമായി മാറ്റിയത്. കണ്ട് നിന്ന നാട്ടുകാർ ആദ്യം അമ്പരന്നുവെങ്കിലും മോക്ഡ്രില്ലാണെന്നറിഞ്ഞതോടെ അവരും പങ്കാളികളായി.
കണ്ണൂർ താലൂക്കിലെ പുല്ലൂപ്പിക്കടവിൽ മൂന്നു മത്സ്യത്തൊഴിലാളികൾ രണ്ടിടങ്ങളിലായി മുങ്ങിപ്പോയി. ഇവരെ അഗ്‌നി രക്ഷാ സേനയും ഡി എസ് സിക്കാരും ചേർന്ന് രക്ഷിക്കുന്നതായിരുന്നു മോക് ഡ്രിൽ. രക്ഷപ്പെടുത്തിയ രണ്ടു പേരെ ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകുന്നതും ആവിഷ്‌കരിച്ചു. കൂടാതെ വെള്ളപൊക്ക ഭീഷണി നേരിടുന്ന എട്ടു കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കും മാറ്റി.
പയ്യന്നൂർ താലൂക്കിലെ പെരുമ്പ വെള്ളുവ കോളനിയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുകയും മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
റവന്യൂ, പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു. പ്രവർത്തനങ്ങൾ.തലശ്ശേരി താലൂക്കിൽ എരഞ്ഞോളി പുഴക്ക് സമീപം വെള്ളം കയറിയ വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചു, വെള്ളത്തിൽ വീണവരെ രക്ഷപ്പെടുത്തി. കൂടാതെ പ്രളയ മുന്നറിയിപ്പ് ലഭിച്ചിട്ടും വീട് വിട്ടു പോകാത്ത ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളെ പോലീസ് ബലം പ്രയോഗിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതും മോക് ഡ്രില്ലിന്റെ ഭാഗമായി ആവിഷ്‌കരിച്ചു.
ജില്ലാ കലക്ടർ എസ് .ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു മോക് ഡ്രിൽ ഏകോപിപ്പിച്ചത്. എ. ഡി .എം. കെ. കെ ദിവാകരൻ, തളിപ്പറമ്പ് ആർ. ഡി. ഒ .ഇ. പി മേഴ്‌സി, സബ് കലക്ടർ സന്ദീപ് കുമാർ, ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജോസഫ് കെ .എസ്, തഹസിൽദാർമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി