പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ റെയ്‌ഡ്

കണ്ണൂർ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ ഒമ്പത് പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്. നോർത്ത് ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള വീടുകളിലാണ് പുലർച്ചെ റെയ്‌ഡ് നടന്നത്. പലയിടത്തുനിന്നും മൊബൈൽ ഫോണുകളും സിംകാർഡുകളും ലഘുലേഖകളും പിടിച്ചെടുത്തു. ഡൽഹി, കൊച്ചി എൻ.ഐ.എ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും കസ്‌റ്റംസ് ഉദ്യോഗസ്ഥരും റെയ്‌ഡിൽ പങ്കെടുത്തു.
കണ്ണൂർ ടൗൺ സ്‌റ്റേഷൻ പരിധിയിൽ രണ്ടിടത്തായിരുന്നു റെയ്‌ഡ്. പോപ്പുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറിയായിരുന്ന പി .പി അഫ്‌സലിന്റെ കക്കാട്ടെ പി .പി ഹൗസിൽ എൻ.ഐ.എ ഡൽഹി യൂണിറ്റ് എസ്.ഐ ഉൽക്കർഷ് ബെൻസാലിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ രണ്ടു ഫോണും സിംകാർഡുകളും കണ്ടെടുത്തു. മുഹമ്മദ് റംഷീദിന്റെ കിഴുത്തള്ളി വട്ടാഞ്ചാൽ ഹൗസിൽ കൊച്ചി യൂണിറ്റ് എസ്‌ഐ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലും മെമ്മറി കാർഡുകൾ പിടിച്ചെടുത്തു.
പി .വി അനസിന്റെ മട്ടന്നൂർ ചാവശേരിയിലെ ഫാത്തിമാസിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു റെയ്‌ഡ് . എൻഐഎ ഇൻസ്‌പെക്ടർ മായങ്ക് ജ്യോതിവർമയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കസ്‌റ്റംസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇവിടെനിന്ന് ബാങ്ക് പാസ്‌ബുക്ക് കണ്ടെടുത്തു. വളപട്ടണം സ്‌റ്റേഷൻ പരിധിയിൽ രണ്ടിടത്ത് പരിശോധന നടന്നു. സി സി അനസിന്റെ പാപ്പിനിശേരി ഇല്ലിപുറത്തെ വീടായ ബുൽസാരിസിൽ എൻഐഎ ഇൻസ്‌പെക്ടർ മുകേഷ് കുമാറിന്റെയും വി .കെ നൗഫലിന്റെ പാപ്പിനിശേരി വെസ്‌റ്റിലെ വീടായ ദുഅവയിൽ സിഐ നവീൻ ചന്ദിന്റെയും നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
കണ്ണൂർസിറ്റി മരക്കാർകണ്ടിയിലെ പി .പി മുസാഫിറിന്റെ പുതിയപുരയിൽ ഹൗസിൽ പുലർച്ചെ നാലുമണിക്കാരംഭിച്ച റെയ്‌ഡ് ഉച്ചവരെ നീണ്ടു. കോടിയേരി പാറാൽ അറബിക് കോളേജിനടുത്ത മർഹബയിൽ ചന്ദ്രൻകണ്ടി സി. കെ അഫ്‌സലിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ മൊബൈൽ ഫോൺ, സിംകാർഡ്, റിഹാബ് ഫൗണ്ടേഷന്റെ പഴയ നാല് പുസ്‌തകം എന്നിവ കസ്‌റ്റഡിയിലെടുത്തു. എൻ.ഐ.എ കൊച്ചി യുണിറ്റ് വ്യാഴാഴ്‌ച പുലർച്ചെ നാലേ കാലിനാണ് വീട്ടിലെത്തിയത്.
പരിശോധന എട്ടരവരെ തുടർന്നു. എൻഐഎ എസ്‌ഐമാരായ സാജൽകുമാർ സർക്കാർ, സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി അബ്ദുൾ ഖാദർ വാടകയ്‌ക്ക് താമസിക്കുന്ന മുഴപ്പിലങ്ങാട്ടെ വിജയവിഹാർ വീട്ടിൽ എ.എസ്.പി സുഭാഷ് ചന്ദിന്റെ നേതൃത്വത്തിൽ രാവിലെ ഏഴരയോടെയാണ് സംഘം റെയ്‌ഡിനെത്തിയത്.
പോപ്പുലർ ഫ്രണ്ട് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് എ പി മഹമൂദിന്റെ മാട്ടൂൽ ബിരിയാണി റോഡിലെ ആനക്കാരൻ പാറക്കാട്ട് ഹൗസിൽ പുലർച്ചെ മൂന്നരയോടെയാണ് ഇൻസ്‌പെക്ടർ നവീനിന്റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്. നേരത്തെ പിടിയിലായ മഹമൂദ് ജയിലിലാണ്. ഇയാളുടെ ഭാര്യവീട്ടിലും പരിശോധന നടന്നു.