കനത്ത മഴയും പ്രളയവും നേരിടാൻ നാടിനെ സജ്ജമാക്കി മോക്ഡ്രിൽ

Share our post

കണ്ണൂർ: കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും നേരിടാനുള്ള ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തി ജില്ലാ ദുരന്തനിവാരണ സമിതിയുടെ മോക്ഡ്രിൽ. പ്രകൃതിദുരന്ത ഭീഷണി നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണു ജില്ലയിലെ മുഴുവൻ താലൂക്കുകളിലും മോക്ഡ്രിൽ നടത്തിയത്.

ഓരോ താലൂക്കിലും പ്രത്യേക ദൗത്യങ്ങളാണ് കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ ചേർന്നുള്ള സംഘം പരീക്ഷിച്ചത്. കരകവിഞ്ഞൊഴുകിയ ഇരിട്ടി തൊട്ടിപ്പാലം പുഴയ്ക്കപ്പുറം കുടുങ്ങിയ കുടുംബത്തിലെ 5 പേരെ റോപ് ഉപയോഗിച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി.പുഴയിൽ വീണ 3 പേരെ കരയ്ക്കെത്തിച്ചു.

ദുരന്തങ്ങൾ നേരിടേണ്ടിവരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും രക്ഷാപ്രവർത്തനത്തിനായി വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങളും സജ്ജമാക്കുന്നതിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്.

തൊട്ടിപ്പാലത്ത് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 32 മദ്രസ വിദ്യാർഥികളെയും ദുരന്തഭീഷണി നേരിടുന്ന കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റാനുള്ള നടപടിയും തളിപ്പറമ്പ് താലൂക്കിലെ ശ്രീകണ്ഠപുരത്ത് 4 രോഗികളെ ഉൾപ്പെടെ 21 പേരെ മാറ്റിപ്പാർപ്പിക്കുന്ന ദൗത്യവും സംഘം വിജയകരമായി പൂർത്തിയാക്കി.

ശ്രീകണ്ഠപുരം പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതായി അറിയിപ്പു ലഭിച്ചതോടെ പുഴയോടു ചേർന്നുള്ള ആശുപത്രിയിൽ നിന്നാണ് രോഗികളെ അടിയന്തരമായി മാറ്റിയത്. കണ്ടുനിന്ന നാട്ടുകാർ ആദ്യം അമ്പരന്നെങ്കിലും മോക്ഡ്രില്ലാണെന്നറിഞ്ഞതോടെ അവരും പങ്കാളികളായി.

കണ്ണൂർ താലൂക്കിലെ പുല്ലൂപ്പിക്കടവിൽ രണ്ടിടങ്ങളിലായി മുങ്ങിപ്പോയ 3 മത്സ്യത്തൊഴിലാളികളെ അഗ്നിരക്ഷാ സേനയും ഡിഎസ്‌സി അംഗങ്ങളും ചേർന്നു രക്ഷപ്പെടുത്തി. 2 പേരെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുന്നതും ആവിഷ്‌കരിച്ചു.

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 8 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കും മാറ്റി.പയ്യന്നൂർ താലൂക്കിലെ പെരുമ്പ വെള്ളുവ കോളനിയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുകയും മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

റവന്യു, പഞ്ചായത്ത്, പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം, കെഎസ്ഇബി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു പ്രവർത്തനം. തലശ്ശേരി താലൂക്കിൽ എരഞ്ഞോളി പുഴയ്ക്കു സമീപം വെള്ളം കയറിയ വീട്ടിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു, വെള്ളത്തിൽ വീണവരെ രക്ഷപ്പെടുത്തി.

പ്രളയ മുന്നറിയിപ്പു ലഭിച്ചിട്ടും വീടുവിട്ടു പോകാത്ത ഒരു കുടുംബത്തിലെ 3 സ്ത്രീകളെ പൊലീസ് ബലം പ്രയോഗിച്ച് ദുരിതാശ്വാസക്യാംപിലേക്കു മാറ്റുന്നതും മോക് ഡ്രില്ലിന്റെ ഭാഗമായി ആവിഷ്‌കരിച്ചു.

കലക്ടർ എസ്.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ ഏകോപിപ്പിച്ചത്. എഡിഎം കെ.കെ.ദിവാകരൻ, തളിപ്പറമ്പ് ആർഡിഒ ഇ.പി.മേഴ്സി, സബ് കലക്ടർ സന്ദീപ് കുമാർ, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.എസ്.ജോസഫ് എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!