ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി

Share our post

സംസ്ഥാനത്ത് ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുമുണ്ട്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്റെ പിടിവളളി.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നരബലി സംഭവത്തില്‍ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശിനി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി.

പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധിക്കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. വിചാരണയില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും അന്തിമ റിപ്പോര്‍ട്ടിലുണ്ട്.

പദ്മയെ കൊലപ്പെടുത്തിയ ശേഷം മുഖ്യ പ്രതി ഷാഫിയുടെ പ്രേരണയില്‍ മനുഷ്യമാംസം കറിവെച്ച് കഴിച്ചതാണ് വധശിക്ഷ കിട്ടാവുന്ന അപൂര്‍വ സംഭമായി പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇലന്തൂരിലെ കൊലപാതകത്തില്‍ മറ്റ് ദൃക്‌സാഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളുമാണ് പ്രോസിക്യൂഷന്റെ പ്രധാന പിടിവളളി.

കേസിന്റെ വിചാരണയ്ക്കായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുളള പ്രാരംഭ നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്. ജനുവരി രണ്ടാം വാരം പ്രതികള്‍ അറസ്റ്റിലായി 90 ദിവസം തികയുമെന്നതിനാലാണ് പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ കുറ്റപത്രം നല്‍കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!