കണ്ണൂര്‍:ജില്ലയിലെ എസ്. എസ് .എല്‍ .സി, പ്ലസ് വണ്‍, പ്ലസ് ടു, വി .എച്ച് .എസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള പഠനസഹായി പുറത്തിറക്കി. ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂര്‍ എന്നിവ ചേര്‍ന്നാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022-23 ന്റെ ഭാഗമായി ‘സ്മൈല്‍ 2023’ പഠന സഹായി തയ്യാറാക്കിയത്.
എസ് .എസ് .എല്‍ .സി ഹയര്‍സെക്കണ്ടറി, വി എച്ച് എസ് ഇ പരീക്ഷകള്‍ ആത്മധൈര്യത്തോടെ നേരിടുകയും ഗുണനിലവാരമുള്ള പരീക്ഷാഫലം ഉറപ്പുവരുത്തുകയുമാണ് പ്രധാന ലക്ഷ്യം. പഠനത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികളെ ആധാരമാക്കി വളരെ ലളിതമായ ഭാഷയില്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് പഠനസഹായി തയ്യാറാക്കിയത്. എസ്.എസ്. എല്‍ .സി പഠനസഹായിയില്‍ ഐ .ടി ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹയര്‍സെക്കണ്ടറിയില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ അധ്യാപകര്‍ ചേര്‍ന്ന് ശാസ്ത്രീയമായാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്. ക്രിസ്മസ് അവധി കഴിഞ്ഞാല്‍ സ്‌കൂളുകള്‍ക്ക് ഇവയുടെ കോപ്പി ലഭ്യമാക്കും. തുടര്‍ന്ന് ഫെബ്രുവരി ഒന്ന് മുതല്‍ മോഡല്‍ പരീക്ഷകളും നടത്തും. സ്‌കൂളുകള്‍ പഠനസഹായി ഫലപ്രദമായി ഉപയോകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മോണിറ്ററിംഗ് ടീം രൂപീകരികരിക്കും.
പഠനസഹായിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് പി. പി .ദിവ്യ നിര്‍വഹിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷം എസ് .എസ് .എല്‍ .സി, പ്ലസ് ടു പരീക്ഷയില്‍ ജില്ലക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ സാധിച്ചത് ഓരോ സ്‌കൂളും, അധ്യാപകരും, കുട്ടികളും എടുത്ത പ്രയത്നത്തിന്റെ ഫലമായാണെന്നും ഇനിയുള്ള വര്‍ഷങ്ങളിലും അത് തുടരണമെന്നും പ്രസിഡണ്ട് പറഞ്ഞു. പഠനത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികള്‍ തിരിച്ചറിയാന്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ ക്ലാസുകള്‍ മോണിറ്റര്‍ ചെയ്യണം.
പഠനസഹായി ഉപയോഗപ്പെടുത്താന്‍ സ്‌കൂള്‍ തലത്തില്‍ കൃത്യമായ പ്രോഗ്രാം ഉണ്ടായിരിക്കണം. കുട്ടികളില്‍ ഫോണിന്റെ ഉപയോഗം കുറക്കാന്‍ രക്ഷിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായി രക്ഷിതാക്കളുടെ യോഗം നിര്‍ബന്ധമായും വിളിച്ചു ചേര്‍ക്കണമെന്നും പരീക്ഷയോട് പേടിയുള്ള കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് സംവിധാനം ഒരുക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയായി. കണ്ണൂര്‍ ഡിഡിഇ വി. എ ശശീന്ദ്രവ്യാസ് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. പാലയാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ. വിനോദ്കുമാര്‍ പഠനസഹായിയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി സരള, യു. പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം സി .പി ഷിജു, കണ്ണൂര്‍ ആര്‍ .ഡി .ഡി .ഇന്‍ ചാര്‍ജ് വി .അജിത, വിഎച്ച്എസ്ഇ പയ്യന്നൂര്‍ എ.ഡി .ഇ .ആര്‍ ഉദയകുമാരി, എസ്. എസ് .കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്റര്‍ പി .വി പ്രദീപന്‍, ഹയര്‍സെക്കണ്ടറി അസി.
കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ .വി ദീപേഷ്, ഡി ഇ ഒമാരായ കെ സുനില്‍കുമാര്‍, എന്‍. എ ചന്ദ്രിക, എ. എം രാജമ്മ, ഡയറ്റ് സീനിയര്‍ ലക്ചറര്‍ എസ്. കെ ജയദേവന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, മോഡ്യൂള്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.