വെജ്കോയുടെ വിജയമുദ്ര

Share our post

കണ്ണൂർ: ഗുണമേന്മയിലും വിലക്കുറവിലും പഴം പച്ചക്കറി വ്യാപാര രംഗത്ത് ഉപഭോക്താക്കൾ വിശ്വാസമുദ്ര പതിപ്പിച്ച സഹകരണ സംരംഭങ്ങളിലൊന്നാണ് കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ വെജ്കോ.
ശുദ്ധവും ജൈവവുമായ പച്ചക്കറികളും പഴവർഗങ്ങളും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുന്ന നഗരത്തിലെ ഏറ്റവും പഴക്കമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണിത്.

തളിപ്പറമ്പ് ആസ്ഥാനമായ റീജണൽ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ–- ഓപ്പറേറ്റീവ് സൊസെറ്റി 1984 ലാണ് കണ്ണൂരിൽ വെജ്കോ ആരംഭിക്കുന്നത്. വിലക്കയറ്റം പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഇക്കാലത്ത് ഗുണനിലവാരമുള്ള പച്ചക്കറികൾ ഇതര കമ്പോളത്തിൽ ഉള്ളതിനെക്കാൾ വില കുറച്ച് നൽകുന്നു എന്നതാണ് വെജ്കോയെ ഏവർക്കും പ്രിയങ്കരമാക്കുന്നത്.

നഗരത്തിലെ ഗവ. സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലിക്കാർ തന്നെയാണ് സ്ഥിരം ഉപഭോക്താക്കൾ. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിലായി വെജ്കോയുടെ 21 ഔട്ട് ലെറ്റ്‌ പ്രവർത്തിക്കുന്നു. 1977 ൽ തളിപ്പറമ്പിൽ ഔട്ട്‌ലെറ്റ് തുടങ്ങുമ്പോൾ തളിപ്പറമ്പ്, കീഴാറ്റൂർ, കൂവോട് ഭാഗങ്ങളിലെ കർഷകർ വിളയിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമാണ് ഇവിടെ വിപണനം ചെയ്തിരുന്നത്.

തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന റിജണൽ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾ പ്രൊഡ്യൂസേഴ്‌സ് കോ–- ഓപ്പറേറ്റീവ് മാർക്കറ്റിങ്‌ സൊസൈറ്റിയുടെ ആസ്ഥാനത്ത്‌ 2020 ൽ സൂപ്പർമാർക്കറ്റും പ്രവർത്തനം തുടങ്ങി. നിലവിൽ കണ്ണൂരിലെ 17 ഉം കാസർകോട്ടെ നാല് ഔട്ട്‌ലെറ്റിലുമായി നിരവധി ജീവനക്കാർ പ്രവർത്തിക്കുന്നു.കൃഷിയിടങ്ങളിലേക്ക് നേരിട്ട് വാഹനവുമായി എത്തി ജീവനക്കാർ ഉൽപ്പന്നങ്ങൾ ശേഖരിക്കും.

വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും ഓർഡർ അനുസരിച്ച് സാധനങ്ങൾ എത്തിക്കും. ഹോം ഡെലിവറിയുമുണ്ട്‌.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗങ്ങളും ഉപഭോക്താവിന് മിതമായ നിരക്കിൽ നൽകി ഉൽപ്പാദകന് ന്യായവില നൽകാനും സ്ഥിരം വിപണന കേന്ദ്രമൊരുക്കാനുമാണ് ശ്രമിക്കുന്നതെന്ന് സെക്രട്ടറി ടി .കെ സജേഷ് പറഞ്ഞു.സംസ്ഥാന സഹകരണ വകുപ്പിന്റെ മികച്ച മാർക്കറ്റിങ്‌ സഹകരണ സംഘത്തിനുള്ള ഒന്നാം സ്ഥാനം വെജ്കോ രണ്ടുതവണ നേടിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!