യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എയര്‍ഇന്ത്യ

Share our post

ദുബായ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്‍. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് എയര്‍ ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശം.

യാത്രക്കാര്‍ പാലിക്കേണ്ട ജാഗ്രത:

മാസ്‌കും സാമൂഹിക അകലവും

എയര്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശമാണ് മാസ്‌കും സാമൂഹിക അകലവും. യാത്രക്കാര്‍ മാസ്‌ക് ധരിക്കണം, യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. ഇത് രണ്ടും നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നില്ല. പക്ഷേ ഇതാണ് അഭികാമ്യമെന്ന് നിര്‍ദ്ദേശിക്കുന്നു. യാത്രാ സമയത്ത് ഇത്തരം പരിശോധനകളും എയര്‍ ഇന്ത്യ നടത്തും

വാക്‌സിനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്. വാക്‌സിന്‍ ഏതുമാകാം. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കണമെന്നില്ല. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രാസമയത്ത് കരുതണം.

യാത്രാസമയത്തെ ജാഗ്രത

യാത്രക്കാര്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ആരോഗ്യാവസ്ഥ സ്വയം നിരീക്ഷിക്കുക. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങി കോവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് പ്രാഥമികമായി സ്വയം വിലയിരുത്തണം. ഇതില്‍ ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും ഉണ്ടെങ്കില്‍ അടുത്തള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ കേന്ദ്ര സര്‍ക്കാരിന്റെ ടോള്‍ഫ്രീ നമ്പര്‍ ആയ 1075 എന്ന നമ്പറിലോ വിളിച്ച് വിവരം അറിയിക്കണം.

കുട്ടികളിലെ പരിശോധന

വിദേശത്ത് നിന്നും എത്തുന്ന രണ്ടു ശതമാനം യാത്രക്കാരില്‍ കോവിഡ് റാന്‍ഡം പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് യാത്രക്കാര്‍ സന്നദ്ധരാകരണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇത്തരം പരിശോധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, നേരത്തെ സൂചിപ്പിച്ചതുപോലെ പനിയോ മറ്റേതെങ്കിലും ലക്ഷണമോ കുട്ടികള്‍ക്കുണ്ടെങ്കില്‍ അവരെ ഇത്തരത്തില്‍ പരിശോധിക്കണമെന്നും എയര്‍ ഇന്ത്യ പറയുന്നു.

എയര്‍ സുവിധ

എയര്‍ സുവിധ രജിസ്‌ട്രേഷനെ കുറിച്ച് എയര്‍ ഇന്ത്യ പ്രത്യേക നിര്‍ദ്ദേശം നല്‍കുന്നില്ല. അതിനാല്‍ ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിലവില്‍ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ചൈനയും തായ്‌ലന്‍ഡും അടക്കം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ വേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!