ഇ.പിയെ വിവാദത്തിലാക്കിയ റിസോര്‍ട്ട്; നഗരസഭയുടെ അനുമതി അനധികൃതമോ? അന്വേഷിക്കാന്‍ വിജിലന്‍സ്

തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജനെ വിവാദത്തിലാക്കിയ റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിതേടി വിജിലന്‍സ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഇ.പിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇ.പിക്കെതിരായ സാമ്പത്തിക ആരോപണങ്ങളടക്കം പരാതിയില്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചിട്ടുള്ളത്.
റിസോര്‍ട്ടിന്റെ നിര്‍മാണത്തിന് ആന്തൂര്‍ നഗരസഭ അനധികൃതമായാണ് അനുമതി നല്‍കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനുള്ള അനുമതിയാണ് വിജിലന്‍സ് തേടിയിട്ടുള്ളത്.
ഇതുസംബന്ധിച്ച ഫയല്‍ വിജിലന്‍സിന് സര്‍ക്കാര്‍ അയച്ചുനല്‍കിയിട്ടുണ്ട്. ഇ.പിക്കെതിരെയല്ല, റിസോര്‍ട്ടിന് അനധികൃതമായി അനുമതി നല്‍കിയെന്ന നഗരസഭയ്ക്ക് എതിരായ പരാതിയിലാണ് വിജിലന്‍സ് അന്വേഷണ നടപടികളിലേക്ക് കടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.