പ്രളയ ദുരന്ത നിവാരണം; 29ന് അഞ്ചിടത്ത് മോക്ഡ്രില്‍

Share our post

കണ്ണൂര്‍:ഡിസംബര്‍ 29ന് രാവിലെ ഒമ്പത് മണിക്ക് ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിക്കും. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനുമാണ് സംസ്ഥാന വ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് മോക് ഡ്രില്‍ നടത്തുക.

ജില്ലയില്‍ ഇരിട്ടി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ അഞ്ചു താലൂക്കുകളിലാണ് മോക് ഡ്രില്‍. ഇരിട്ടിയിലെ തൊട്ടിപ്പാലം പുഴയോരത്ത് പ്രളയത്തില്‍പ്പെട്ട് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തി ക്യാമ്പിലെത്തിക്കല്‍, തലശ്ശേരിയില്‍ എരഞ്ഞോളി പുഴക്ക് സമീപം വെള്ളം കയറിയ വീട്ടിലുള്ളവരെ മാറ്റി പാര്‍പ്പിക്കല്‍, വെള്ളത്തില്‍ വീണവരെ രക്ഷപ്പെടുത്തല്‍, കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ വെള്ളത്തില്‍ വീണ വരെ തോണി ഉപയോഗിച്ച് രക്ഷപ്പെടുത്തല്‍, തളിപ്പറമ്പ് ശ്രീകണ്ഠപുരത്ത് പുഴവക്കിലുള്ള ആസ്പത്രിയിലെ രോഗികളെ സുരക്ഷിത സ്ഥാനത്തുള്ള മറ്റ് ആസ്പത്രിയിലേക്ക് മാറ്റല്‍, പയ്യന്നൂര്‍ പെരുമ്പ വെള്ളുവ കോളനിയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ മാറ്റിപാര്‍പ്പിക്കല്‍ എന്നീ രക്ഷാ ദൗത്യങ്ങളാണ് മോക് ഡ്രില്ലില്‍ ആവിഷ്‌ക്കരിക്കുക.

ആരോഗ്യവകുപ്പ്, ആര്‍. ടി .ഒ, പോലീസ്, ഫയര്‍ ഫോഴ്സ്, കെ .എസ്. ഇ .ബി, ഇറിഗേഷന്‍, പ്ലാനിംഗ് എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ താലൂക്കിന്റെ ചാര്‍ജ് ഉള്ള ഡെപ്യൂട്ടി കളക്ടര്‍മാരാണ് മോക്ക് എക്സെര്‍സൈസിന് നേതൃത്വം നല്‍കുക. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതോടെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലിരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. ദേശീയ പ്രതിരോധ സേനകളുടെ ഉദ്യോഗസ്ഥരും നടപടികള്‍ നിരീക്ഷിക്കും. മോക് ഡ്രില്‍ കണ്ടു നില്‍ക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മോക് ഡ്രില്ലിന് മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളില്‍ ടേബിള്‍ ടോപ്പ് എക്സര്‍സൈസ് യോഗം ചേര്‍ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!