വ്യാപാരിയുടെ കൊലപാതകം: അന്വേഷണത്തിന് പത്തംഗ സംഘം

വടകര: നഗരഹൃദയത്തിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്തംഗ പ്രത്യേക അന്വേഷകസംഘത്തെ നിയമിച്ചു. ഡി.വൈ.എസ്.പി .ആർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ സി.ഐ .പി. എം മനോജാണ് അന്വേഷകസംഘത്തിന്റെ തലവൻ. ശനി രാത്രി പതിനൊന്നോടെയാണ് വ്യാപാരിയായ പുതിയാപ്പ് സ്വദേശി വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) പഴയ സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ ഇ.എ ട്രേഡേഴ്സിൽ മരിച്ചനിലയിൽ കണ്ടത്.
രാത്രി വൈകിയും ഇയാൾ വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിച്ച് കടയിലെത്തി നടത്തിയ പരിശോധനയിലാണ് രാജനെ കടയ്‌ക്കുള്ളിൽ പലചരക്ക് സാധനങ്ങൾക്കിടയിൽ മരിച്ച നിലയിൽ കണ്ടത്. പലചരക്കും ഒപ്പം കരിയും വിൽപന നടത്തുന്ന കടയാണിത്. എസ്ഐമാരായ സജീഷ്, ബാബുരാജ്, പ്രകാശൻ, മനോജ്‌കുമാർ, എ.എസ്ഐമാരായ കെ .പി രാജീവൻ, യൂസഫ്, സീനിയർ സിപിഒമാരായ വി. വി ഷാജി, സജീവൻ, സൂരജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഇയാളുടെ സ്വർണച്ചെയിനും മോതിരവും നഷ്ടപ്പെട്ടിരുന്നു. പുറത്ത് നിർത്തിയിട്ട പാഷൻ പ്ലസ് ബൈക്കും കാണാതായി ബൈക്ക് കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വാഹനം കിട്ടിയാൽ പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനാകും. വാഹനം ജില്ലാ അതിർത്തി വിട്ടുപോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കടയ്‌ക്കുള്ളിൽ ബലപ്രയോഗം നടന്ന ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിന്റ നെറ്റിയിലും മൂക്കിലും കഴുത്തിലും ഇടത് കൈ വിരലിലും മുറിവേറ്റ പാടുകളുമുണ്ട്. കടയിലെ ഫാനും കസേരയും മറിഞ്ഞുവീണ നിലയിലാണ്. ഉപയോഗിച്ച് ബാക്കിയായ മദ്യക്കുപ്പിയും കടയിൽനിന്ന് പൊലീസ് കണ്ടെത്തി.
മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അനിതയാണ് രാജന്റെ ഭാര്യ. മക്കൾ: റിനീഷ് (ഖത്തർ), സിനു. മരുമകൾ: പ്രിയങ്ക (നേഴ്സ് മാഹി ഗവ.ആസ്പത്രി). സഹോദരങ്ങൾ: മനോജൻ, ചന്ദ്രി, കമല. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വിരലടയാള വിദഗ്ധരും ഫോറൻസിക് ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർ, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പ സാമി, ഡി.വൈ.എസ്.പി ആർ ഹരിപ്രസാദ് തുടങ്ങിയവരും സംഭവസ്ഥലം സന്ദർശിച്ചു.