ആഴിമലയിൽ കിരണിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്

Share our post

തിരുവനന്തപുരം: ആഴിമലയിൽ സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ പള്ളിച്ചൽ പുത്തൻവീട്ടിൽ കിരണിനെ(25) കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരണവുമായി പൊലീസ്. അഞ്ചുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ നേമം പൊലീസെത്തിയത്.

ഇക്കഴിഞ്ഞ ജൂലൈ 9നാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ സഹോദരൻ ഹരിയും സഹോദരി ഭർത്താവ് രാജേഷും ചേർന്ന് തട്ടിക്കൊണ്ടു പോയത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ജൂലൈ 13നാണ് തമിഴ്നാട്ടിലെ ഇരയിമ്മൻതുറ തീരത്ത് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. ഡി.എൻ.എ പരിശോധന നടത്തിയാണ് മൃതദേഹം കിരണിന്റേതാണെന്നുറപ്പിച്ചത്.കിരൺ കടപ്പുറത്തേക്ക് ഓടിപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.

എന്നാൽ ഇയാളെ ആരെങ്കിലും പിന്തുടരുന്നതായി ദൃശ്യങ്ങളിൽ ഇല്ലായിരുന്നു. കിരണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിന്നതോടെയാണ് വിപുലമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്. എല്ലാ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കിരൺ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിൽ പൊലീസെത്തിയത്.

പെൺകുട്ടിയുമായുള്ള ബന്ധം തകർന്നതോടെ കിരൺ കടുത്ത നൈരാശ്യത്തിലായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുകൾ പൊലീസിന് മൊഴി നൽകിയിരുന്നു.കിരൺ കടപ്പുറത്തേക്ക് ഓടി അധിക സമയം കഴിയും മുൻപേ ഒരാൾ കടലിലേക്ക് ചാടുന്നത് കണ്ടെന്ന് ക്ഷേത്രപരിസരത്ത് നിന്ന രണ്ട് പേർ പൊലീസിനെ അറിയിച്ചിരുന്നു.

ഇവരുടെ മൊഴിയെടുത്തതിൽ കിരണിനോട് രൂപസാദൃശ്യമുള്ള ആളാണ് കടലിൽ ചാടിയതെന്ന് വ്യക്തമായതായത്. അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിന് പെൺകുട്ടിയുടെ സഹോദരനും സഹോദരി ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!