മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും
മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീര്‍ത്ഥാടന സീസണിലെ പ്രധാന ചടങ്ങ് ആയ മണ്ഡല പൂജ പന്ത്രണ്ടരയോടുകൂടി നടന്നു. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ് മണ്ഡല പൂജ നടന്നത്.ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. അനന്തഗോപന്‍, എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍, ആലപ്പുഴ കലക്ടര്‍ കൃഷ്ണതേജ ഐ.എ.എസ് തുടങ്ങിയവര്‍ മണ്ഡലപൂജ നേരത്ത് ശ്രീകോവിലിന് മുന്നില്‍ എത്തിയിരുന്നു.
മണ്ഡല പൂജ കഴിഞ്ഞ് ഒന്നരയോടെ നടയടച്ചു. വൈകീട്ട് അഞ്ചുമണിക്കേ നട തുറക്കൂ. വൈകുന്നേരം ആറരയ്ക്കുള്ള ദീപാരാധനയിലും അയ്യപ്പ വിഗ്രഹത്തില്‍ തങ്കയങ്കിചാര്‍ത്തും. രാത്രി പത്തിന് ഹരിവരാസനം കഴിഞ്ഞ് നട അടയ്ക്കുന്നതോടെ മണ്ഡലമഹോത്സവകാലം കഴിയും.
മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും ഡിസംബര്‍ 31 മുതലേ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ.2023 ജനുവരി 14 ന് ആണ് മകരവിളക്ക്. മണ്ഡല മഹോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് 41,225 പേര്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.