നെല്ല്, പശുഫാം പിന്നെ കല്ലുമ്മക്കായയും

കണ്ണൂർ: നെൽകൃഷിയുടെ ഇത്തിരി വട്ടത്തിൽനിന്ന് പശുഫാമിലേക്കും കല്ലുമ്മക്കായ, മത്സ്യകൃഷികളിലേക്കും ജീവിതം പറിച്ചുനടുകയായിരുന്നു കണ്ടങ്കാളി താഴെപുരയിൽ എം കമലം. കണ്ടങ്കാളി പലോട്ടുവയലിലെ രണ്ടേക്കർ പരമ്പരാഗത നെൽകൃഷിയിൽ നിന്നായിരുന്നു തുടക്കം. ചെറുപ്പംമുതലേ കൃഷിയോട് താൽപര്യമുണ്ടായിരുന്നു. വിവാഹശേഷം കണ്ടങ്കാളിയിൽ എത്തിയതോടെ പൂർണമായി കൃഷിയിൽ മുഴുകി. നെൽകൃഷിക്ക് അനുബന്ധമായി പശുവളർത്തലും തുടങ്ങി.
നെല്ലിന് ആവശ്യമായ ജൈവ വളം സ്വന്തമായി ലഭിക്കുന്നതിനാണ് പശു വളർത്തൽ തുടങ്ങിയത്. പിന്നീടത് ഫാമായി വളർന്നു. സങ്കര ഇനങ്ങളടക്കം ഏഴ് പശുക്കൾ ഫാമിലുണ്ട്. ശരാശരി 25 ലിറ്റർ പാലളക്കുന്നുണ്ട്. നെൽകൃഷിക്കും പച്ചക്കറിക്കും ആവശ്യമായ ചാണകം പശുഫാമിൽനിന്ന് ലഭിക്കുന്നു. നെല്ല് കൊയ്‌ത പാടത്തിൽ പിന്നീട് ഉഴുന്ന് കൃഷിയാണ്. ഉഴുന്നിനുശേഷം പച്ചക്കറിയുടെ ഊഴം. വെള്ളരി, കുമ്പളം, പാവൽ, പടവലം എന്നിവ ഉൾപ്പെടെ മിക്ക പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നു.
പൂർണമായും ജൈവ രീതിയിലാണ് കൃഷി. ഹരിത കഷായവും പിണ്ണാക്കുമാണ് വളമായി നൽകുന്നത്. ഇതിനാൽ പച്ചക്കറികൾക്ക് കമ്പോള വിലയുടെ ഇരട്ടി ലഭിക്കുന്നു. പയ്യന്നൂരിലെ കർഷകന്റെ കടയിലാണ് പച്ചക്കറി നൽകുന്നത്. നെല്ലിനും ആവശ്യക്കാർ ഏറെ. കുത്തരിയും വിൽപ്പനക്കുണ്ട്. കുത്തരി കിലോവിന് 70 രൂപയ്‌ക്കാണ് വിൽക്കുന്നത്.
ഫിഷറീസ് വകുപ്പ് സഹായത്തോടെയാണ് കല്ലുമ്മക്കായ, മത്സ്യ കൃഷികൾ. കുറുങ്കടവ് പുഴയിലാണ് ഇവ കൃഷി ചെയ്യുന്നത്.
വർഷം ഒരു ലക്ഷം രൂപയുടെ കല്ലുമ്മക്കായയാണ് കയറിൽ കൃഷി ചെയ്യുന്നത്. പത്തുവർഷമായി കൃഷി തുടങ്ങിയിട്ട്. ആദ്യ വർഷങ്ങളിൽ കാര്യമായ വരുമാനമുണ്ടായില്ല. നാലുവർഷമായി മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് കമലം പറഞ്ഞു. കോഴിക്കോട്, തലശേരി ഭാഗങ്ങളിലുള്ളവർ കല്ലുമ്മക്കായ വാങ്ങാനെത്തിയതോടെ ഇപ്പോൾ വിപണി പ്രശ്‌നമല്ല.
മൂന്നുമാസമാണ് കല്ലുമ്മക്കായ കൃഷിയുടെ കാലയളവ്. കൂടിലാണ് മത്സ്യ കൃഷി. ഇരിമീനാണ് കൃഷി ചെയ്യുന്നത്. അയ്യായിരത്തോളം ഇരിമീനുകളെ കൂടുകളിൽ വളർത്തുന്നു. കിലോവിന് 500 രൂപ നിരക്കിലാണ് വിൽപ്പന. ഫോൺ: 9656902677.