മുക്കുവൻപറമ്പ് കോളനി പരിസരത്ത് സംഘർഷം; ബോംബേറ്

മാഹി: പള്ളൂർ മുക്കുവൻപറമ്പ് കോളനി പരിസരത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഡോ: അംബേദ്കർ സ്‌കൂൾ ഗ്രൗണ്ടിൽ സ്റ്റീൽ ബോംബെറിഞ്ഞ് ഭീതി പടർത്തി. മൂന്ന് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. അക്രമം തടയാനെത്തിയ ചില സ്ത്രീകൾക്കും മർദ്ദനമേറ്റിട്ടുണ്ട്. ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കിടെ കളിക്കളത്തിൽ ബൈക്ക് നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിനിടയിൽ സി.പി.എം പ്രവർത്തകനായ ജിഷ്ണുവിന് മർദ്ദനമേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തേയും പറഞ്ഞയച്ചു. അതിനിടെ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് കോളനി പരിസരത്ത് വച്ച് മർദ്ദനമേറ്റു. പിടിച്ചു മാറ്റാനെത്തിയ സ്ത്രീകൾക്കും മർദ്ദനമേറ്റു. അഖിൽ (27), മിഥുൻ (25) എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി എട്ട് മണിയോടെയാണ് ഗ്രൗണ്ടിൽ ബോംബ് സ്‌ഫോടനമുണ്ടായത്. ചീളുകൾ തെറിച്ച് നിർത്തിയിട്ട കാറിന് കേട്പാട് സംഭവിച്ചിട്ടുണ്ട്. സജേഷിന്റെ പരാതിയിൽ ബോംബെറിഞ്ഞതിന് പള്ളൂർ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. സി.ഐ. ശേഖർ, എസ്.ഐ.അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്.