ചൈനയിൽ കൊവിഡ് അതിരൂക്ഷം; ആസ്പത്രികൾ നിറഞ്ഞു, ഒരു നഗരത്തിൽ മാത്രം പ്രതിദിനം പത്ത് ലക്ഷം രോഗികൾ

ബീജിംഗ്: കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കടുത്ത പ്രതിസന്ധിയിൽ ചൈന. ഹെബെ പ്രദേശത്തെ ആസ്പത്രികളിൽ ഐസിയുവിൽ സ്ഥലമില്ലാത്തിനാൽ ഗുരുതരാവസ്ഥയിലായ രോഗികൾക്ക് ആസ്പത്രി വരാന്തയിൽ നിലത്ത് കിടക്കേണ്ട സ്ഥിതിയാണ്. പ്രായമായവരിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ഇത് മരണനിരക്ക് വർദ്ധിക്കുന്നതിന് കാരണമായി. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ പോലും ലഭ്യമല്ല.
ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക പ്രവിശ്യകളിൽ ഒന്നായ സെജിയാംഗിൽ പ്രതിദിനം പത്ത് ലക്ഷംപേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.ചൈനയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശങ്കയുയർത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ആസ്പത്രികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങൾ കൂടിക്കിടക്കുന്ന ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തു വിട്ടത്.
എന്നാൽ, കൊവിഡ് വ്യാപനത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ വ്യക്തമായ കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. സർക്കാർ കണക്കുകകളിൽപ്പെടാത്ത റിപ്പോർട്ട് പ്രകാരം കൊവിഡ് മരണങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയിലെ സ്ഥിതിഗതികൾ രൂക്ഷമായതോടെ മറ്ര് രാജ്യങ്ങളും മുൻകരുതൽ നടപടികളിലേക്കു കടന്നിട്ടുണ്ട്.
ജപ്പാൻ, അമേരിക്ക, റിപ്പബ്ലിക് ഒഫ് കൊറിയ എന്നിവിടങ്ങളിൽ വ്യാപനം രൂക്ഷമാണ്.ഡിസംബറിന് മുമ്പ് ഏകദേശം നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങളാണ് ഒരു ദിവസം ദഹിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ 22 വരെ എത്തിയിരിക്കുന്നു എന്നാണ് ഹെബെ പ്രദേശത്തുള്ള ശ്മശാന ജീവനക്കാരുടെ പ്രതികരണം. അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരെ അനുസ്മരിക്കാൻ ഒരു സർവകലാശാല പ്രസിദ്ധീകരിച്ച അനുസ്മരണക്കുറിപ്പുകളുടെ എണ്ണത്തിലൂടെയും മരണസംഖ്യ വർദ്ധിക്കുന്നതായി വ്യക്തമാകുന്നു.