ചരിത്രമായി പേരാവൂർ മാരത്തൺ;ആവേശമായി കാണികൾ

പേരാവൂർ: പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ഗുഡ് എർത്ത് പേരാവൂർ ക്വാർട്ടർ മാരത്തൺ നാലാം എഡിഷൻ ശനിയാഴ്ച പുലർച്ചെ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടന്നു.മന്ത്രി എം.ബി.രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.വീൽചെയർ റേസ് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും മൂന്നര കിലോമീറ്റർ ഫാമിലി ഫൺ റൺ സണ്ണി ജോസഫ് എം.എൽ.എയും ഫ്‌ളാഗ് ഓഫ് ചെയ്തു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ആർച്ച് പ്രീസ്റ്റ് ഫാ.തോമസ് കൊച്ചുകരോട്ട്,പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് സ്റ്റാൻലി ജോർജ്,സെക്രട്ടറി എം.സി.കുട്ടിച്ചൻ,വൈസ്.പ്രസിഡന്റ് ഡെന്നി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
ഇത്തവണ 2500-ലധികം ഓട്ടക്കാർ വിവിധ കാറ്റഗറികളിലായി മാറ്റുരച്ചു.ക്വാർട്ടർ മാരത്തൺ ഓപ്പൺ കാറ്റഗറിയിൽ 35.38 മിനിറ്റിൽഫിനിഷ് ചെയ്ത് കർണാടക സ്വദേശി ചെങ്കപ്പ ഒന്നാമനായി.രാമപ്പ,കെ.പ്രശാന്ത് എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.വനിതാ വിഭാഗത്തിൽ 43.8 മിനിറ്റിൽ ഫിനിഷ് ചെയ്ത് കെ.സ്വേത ഒന്നാമതെത്തി.എം.പി.സഫേദ,ടി.കെ.ശ്രീലക്ഷ്മി എന്നിവർ രണ്ട്,മൂന്ന് സ്ഥാനങ്ങൾക്കർഹരായി.
അൻപത് വയസിനു മുകളിൽ യഥാക്രമം സജി അഗസ്റ്റിൻ,എം.പി.മണി,നഞ്ജുണ്ടൻ കരി,18 വയസിനു താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ പി.അശ്വിൻ,കെ.ആദിത്യൻ,എം.ദേവേഷ് ,പെൺകുട്ടികളുടെ വിഭാഗത്തിൽ ടി.പി.മഞ്ജിമ,പി.പി.അയന,സനുഷ എന്നിവരും ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾക്കർഹരായി.
എല്ലാ വിഭാഗങ്ങളിലും പതിമൂന്നാം സ്ഥാനം വരെ പ്രോത്സാഹന സമ്മാനങ്ങളും നല്കി.പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്.വീൽചെയർ റെയ്‌സും ഫാമിലി ഫൺ റണ്ണും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.അതിരാവിലെ നടന്ന മാരത്തൺ കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറുകണിക്കനാളുകളാണ് ജിമ്മി ജോർജ് സ്റ്റേഡിയത്തിലെത്തിയത്.