കടുവാഭീതി: തൊഴിലാളികൾ ജോലി നിർത്തിവച്ചു

Share our post

ഇരിട്ടി: കടുവാഭീഷണി നിലനിൽക്കുന്ന ബ്ലോക്ക്‌ നാലിൽ തൊഴിലാളികളെ കാടുവെട്ടാൻ നിയോഗിച്ചതിൽ പ്രതിഷേധം. ആദിവാസികളടക്കം വെള്ളിയാഴ്‌ച ജോലിക്കെത്തിയ അറുപതോളം തൊഴിലാളികൾ ജോലിയിൽനിന്ന്‌ വിട്ടുനിന്നു. സുരക്ഷ ഒരുക്കുമെന്ന വനംവകുപ്പ് പ്രഖ്യാപനം പാഴ്‌വാക്കാണെന്ന്‌ തൊഴിലാളികൾ പറഞ്ഞു.

കടുവാ സാന്നിധ്യമറിയാൻ പ്രദേശത്ത് വനംവകുപ്പ്‌ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഭക്ഷണാവശിഷ്ടം തേടി കടുവയെത്തുമെന്നാണ് വനം വകുപ്പ്‌ നിഗമനം. നിരീക്ഷണ ക്യാമറയിൽ കടുവയുടെ സാന്നിധ്യം പതിഞ്ഞാൽ വിദഗ്ധ സമിതി ശുപാർശ പ്രകാരം കൂടുവച്ച്‌ പിടികൂടാനാണ്‌ വനംവകുപ്പ്‌ നീക്കം.
പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകും. ഇതിനായി വെറ്ററിനറി സർജൻ പശുവിന്റെ ജഡം പരിശോധിച്ച്‌ മൂല്യനിർണയ സാക്ഷ്യപത്രം നൽകി.

വെള്ളി രാവിലെ എട്ടോടെ ബ്ലോക്ക് നാലിലെ സൂപ്രവൈസർ വി എസ് സായിയും തൊഴിലാളികളും ജോലിക്കെത്തിയപ്പോഴാണ്‌ പശുവിന്റെ ജഡം കണ്ടത്‌.
കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്‌, ഡെപ്യൂട്ടി റെയിഞ്ചർ കെ ജിജിൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി പ്രസാദ്, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി പ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്‌ എന്നിവരും ആറളം പൊലീസും സ്ഥലത്തെത്തി.
ആയിത്തറയിൽ പുലിയെ 
കണ്ടതായി ടാപ്പിങ്‌ തൊഴിലാളി
കൂത്തുപറമ്പ്
ആയിത്തറ കമ്പനിക്കുന്നിൽ പുലിയെ കണ്ടതായി ടാപ്പിങ്‌ തൊഴിലാളി. വെള്ളി പുലർച്ചെ ടാപ്പിങ്ങിനിടെയാണ്‌ പുലിയെ കണ്ടത്. പുലർച്ചെ 3:30 ഓടെ ഊരക്കാട്ട് ജോസും ഭാര്യ കുഞ്ഞുമോളുമാണ്‌ പുലിയെ കണ്ടത്‌. ടോർച്ച്‌ വെളിച്ചത്തിൽ വ്യക്തമായി കണ്ടതായാണ്‌ ഇരുവരും പറയുന്നത്‌. തൊട്ടടുത്തുള്ള മകളുടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ശിവപുരം അയ്യല്ലൂരിൽ കണ്ട പുലിയാവാം ഇവിടെ എത്തിയതെന്ന്‌ കരുതുന്നതായി വനപാലകർ അറിയിച്ചു.
ഒരു നിമിഷം ജീവൻ നിലച്ചു
“ഭാര്യയോടൊത്ത് റബർ ടാപ്പിങ്ങിനിടയിലാണ് മുരൾച്ച കേട്ടത്. നോക്കുമ്പോൾ തൊട്ടരികൽ പുലി. ടോർച്ച്‌ വെളിച്ചത്തിൽ തൊട്ടടുത്ത പറമ്പിലെ വീടിന്റെ മുന്നിലൂടെ പുലി കടന്നുപോകുന്നത്‌ കണ്ടു. ഭീതി ഇനിയും മാറിയിട്ടില്ല”
കയരളത്തും പുലി സാന്നിധ്യം
മയ്യിൽ
പഞ്ചായത്ത് കയരളം അറാക്കാവിന് സമീപം പുലിയെ കണ്ടതായി സംശയം. ആയാർ മുനമ്പ് റോഡിന്‌ സമീപത്തെ കാട്ടിൽ പുലിയെ കണ്ടതായി അറാക്കാവിലെ രാജേഷിന്റെയും ഷീനയുടെയും മകൾ ആരാധ്യയാണ് രക്ഷിതാക്കളോട്‌ പറഞ്ഞത്‌. വെള്ളിയാഴ്ച പകൽ പതിനൊന്നോടെയാണ്‌ സംഭവം. വീടിന്റെ വരാന്തയിൽ കളിക്കുന്നതിനിടെ സമീപത്തെ കാട്ടിലൂടെ പുലി നടന്ന്‌ പോകുന്നത്‌ കണ്ടെന്നാണ്‌ കുട്ടി പറഞ്ഞത്‌. തളിപ്പറമ്പ് റെയിഞ്ച് ഓഫീസിൽനിന്നുള്ള വനപാലകർ പരിശോധന നടത്തി.
കാൽപ്പാടുകൾ കണ്ടെത്തിയിട്ടില്ല. ജാഗ്രത പുലർത്തണമെന്ന്‌ വനപാലകർ അറിയിച്ചു. തളിപ്പറമ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി പി രാജീവൻ, ഡ്രൈവർ പ്രദീപ്കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. നാട്ടുകാർ സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ചുവരികയാണ്.
കൊട്ടംചുരത്തും പുലി
പേരാവൂർ
കൊട്ടംചുരത്ത് പുലിയെ കണ്ടെന്ന്‌ വീട്ടമ്മ. വെള്ളി പകൽ 2.30തോടെയാണ് വീടിനടുത്തുള്ള തോട്ടിൽ അലക്കുന്നതിനിടെ പുത്തൻ പുരയ്‌ക്കൽ പുഷ്‌പയാണ്‌ പുലി നടന്നുപോകുന്നത്‌ കണ്ടത്‌. ബഹളം വച്ചതിനെ തുടർന്നെത്തിയ മകനും പുലിയെ കണ്ടതായി പറഞ്ഞു.
ഇതേ തുടർന്ന്‌ വനപാലകരായ കെ സി അനീഷ്, എം ജിതിൻ, വാച്ചർമാരായ ഷംസീർ, ജിജോ, ബിബീഷ്, അഭിജിത്ത്, അജു എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കാൽപാടുകളും കണ്ടില്ല. ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!