ക്രിസ്മസ് തലേന്നും സെന്റ് മേരീസ് ബസലിക്കയിൽ സംഘർഷം; ബലിപീഠം തള്ളിമാറ്റി, വിളക്കുകൾ തകർത്തു

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ വീണ്ടും സംഘർഷം. കുർബാന തർക്കമാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. സംഘർഷത്തിനിടെ പള്ളിയിലെ വിളക്കുകൾ തകർന്നു. ബലിപീഠം തള്ളിമാറ്റി, ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമായി. പൊലീസെത്തി വൈദികരെ ഉൾപ്പെടെ പള്ളിയിൽ നിന്നും പുറത്താക്കി.
പള്ളിയിൽ ഇന്ന് ഒരേസമയം രണ്ടുതരം കുർബാന നടന്നിരുന്നു. വിമത വിഭാഗം പ്രതിഷേധ സൂചകമായി ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റർ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തിൽ ഏകീകൃത കുർബാന നടത്തിയപ്പോൾ വിമത വിഭാഗത്തിന്റെ വൈദികരെത്തി ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു.
രണ്ട് കുർബാനയിലും ഇരുവിഭാഗത്തിലെയും വിശ്വാസികൾ പങ്കെടുത്തു.ഗോബാക്ക് വിളിയും കൂക്കുവിളിയുമായി ഇരുവിഭാഗം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കുർബാന അർപ്പിക്കാനെത്തിയ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ സമരക്കാർ തടഞ്ഞു. പ്രതിഷേധക്കാർ പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടു. ക്രിസ്മസ് ദിനംവരെ കുർബാന നടത്തുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിഭാഗം പള്ളിക്ക് പുറത്ത് തുടരുകയാണ്.