അൽപ്പം സ്‌പെഷ്യലാണ് ഇവിടത്തെ ചായ

കയ്യൂർ: ‘‘നൂറുകൊല്ലം എന്ന് പറയുന്നത് ചെറിയ കാലോന്നല്ല…. എല്ലാറ്റിനും സാക്ഷിയായ സ്‌കൂളല്ലേ.. കയ്യൂർ സഖാക്കൾക്ക് വഴികാട്ടിയായ സ്‌കൂൾ. എന്തെല്ലാം മാറ്റാ നാടിന് വന്നത്. പാലോം റോഡും എല്ലാംവന്നാലും കയ്യൂരിന്റെ ചേല് ചേല് തന്നെ. ഏട്‌ന്നല്ലാം ആളെത്തും, കയ്യൂരൊറ്റക്കോലംപോലെ തന്നെയായിരിക്കും’’–- കയ്യൂർ ഫെസ്‌റ്റിന്റ ഭാഗമായി സ്ഥാപിച്ച ചായക്കടയിലെ സംഭാഷണങ്ങൾ ഇങ്ങനെ നീളുന്നു.
ചായക്കടക്കാരനും ചായകുടിക്കാനും പത്രം വായിക്കാനെത്തുന്നവരും ഇവിടെ വാചാലർ. പ്രദർശനം ആരംഭിക്കുന്നതിനുമുമ്പേ ചേപ്പടക്കത്തെ (കയ്യൂർ ഉദയഗിരിയുടെ പഴയപേര്) കയ്യൂർ ജിവിഎച്ച്‌എസ്‌എസ് നഗരിയിലെ കൗതുകമായി ചായക്കടയും .
കയ്യൂർ ജി.എൽ.പി സ്‌കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്‌റ്റ് ശനി പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാത്രി ഏഴിന് കലാസാംസ്‌കാരിക പരിപാടികൾന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്‌ഘാടനം ചെയ്യും. പകൽ 11 മുതൽ രാത്രി 10വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 50 രൂപയും വിദ്യാർഥികൾക്ക് 20 രൂപയുമാണ് ഫീസ്.നൂറോളം പവലിയനുണ്ട്.
50 വിപണന സ്‌റ്റാളുമുണ്ട്. ജനുവരി ആറിന് സമാപിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ എം. രാജഗോപാലൻ എം.എൽ.എ, കൺവീനർ എം .രാജീവൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. പി വത്സലൻ, ഇ മധുസൂദനൻ, സി കെ ചന്ദ്രൻ, കെ രാധാകൃഷ്‌ണൻ, ടി ദാമോ ദരൻ, പി. വി ചിദംബരൻ, കെ. സി സാജേഷ് എന്നിവർ സംസാരിച്ചു.