തുറന്ന ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം; കേസെടുത്തു

കൂത്തുപറമ്പ്: മമ്പറത്ത് തുറന്ന ജീപ്പിൽ 15 ഓളം പേർ കയറി സ്കൂൾ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. ഇന്നലെ ഉച്ചയോടെ മമ്പറം പാലത്തിനടുത്ത മൈതാനിയിലാണ് സംഭവം. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ അതിസാഹസിക പ്രകടനം നടത്തിയത്. ഒരു വിദ്യാർത്ഥി കൊണ്ടുവന്ന തുറന്ന ജീപ്പിൽ മറ്റ് വിദ്യാർത്ഥികളും കയറിപ്പറ്റുകയായിരുന്നു.
പൊടിമണ്ണ് നിറഞ്ഞ മൈതാനിയിലൂടെ പലതവണയായി ജീപ്പ് വട്ടം കറങ്ങി. ജീപ്പിന്റെ ബോണറ്റിൽ വരെ കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു. നാട്ടുകാരിൽ ചിലർ സാഹസിക പ്രകടന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.
ചിലർ പിണറായി പൊലീസിനെയും വിവരമറിയിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് ജീപ്പ് കസ്റ്റഡിയിലെടുത്തു. കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.