ലൈബ്രറി കൗൺസിൽ ജനചേതന യാത്ര ഇന്ന് ജില്ലയിൽ

കണ്ണൂർ: ‘അന്ധവിശ്വാസങ്ങൾ–- അനാചാരങ്ങളകറ്റാൻ, ശാസ്‌ത്ര വിചാരം പുലരാൻ’ സന്ദേശമുയർത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വടക്കൻ ജാഥ വെള്ളിയാഴ്‌ച ജില്ലയിലെത്തും. സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ജാഥയെ പകൽ രണ്ടിന് കാലിക്കടവിൽ സ്വീകരിക്കും. പയ്യന്നൂരിലാണ് ആദ്യ സ്വീകരണം.
ശനി രാവിലെ ഒമ്പതിന് കണ്ണൂർ താലൂക്ക് കേന്ദ്രത്തിൽ സ്വീകരിക്കും. പകൽ 11ന് തലശേരിയിലെ കേന്ദ്രത്തിൽ ചിത്രകാരകൂട്ടായ്‌മയും പ്രഭാഷണവും നടക്കും. വൈകിട്ട് നാലിന് ഇരിട്ടി താലൂക്കിലെ സ്വീകരണത്തിനുശേഷം വയനാട് ജില്ലയിലേക്ക് കടക്കും. സംസ്ഥാന സെക്രട്ടറി വി .കെ മധു നയിക്കുന്ന തെക്കൻ ജാഥയോടൊപ്പം വടക്കൻ ജാഥ 30ന് സാംസ്‌കാരിക ഘോഷയാത്രയോടെ തൃശൂരിൽ സമാപിക്കും.