കണ്ണൂരിന് അഭിമാനമായി മിഥുന്റെ നായകത്വം

കണ്ണൂർ: എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ നയിക്കാനുള്ള മുഴപ്പിലങ്ങാട് സ്വദേശി വി. മിഥുന്റെ നിയോഗം കണ്ണൂരിനും അഭിമാനമായി.മുഴപ്പിലങ്ങാട് ബീച്ചിൽ ഫുട്ബോൾ തട്ടിയും തടഞ്ഞിട്ടും കളിച്ചു വളർന്ന മിഥുൻ കേരള ടീമിന്റെ ഗോൾകീപ്പറാണ്. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കിരീടം കേരളം എടുത്തുയർത്തുമ്പോൾ ക്രോസ് ബാറിന് കീഴെ നിന്ന് ടീമിനെ നയിച്ചത് മിഥുനായിരുന്നു.
ഫൈനലിൽ പശ്ചിമ ബംഗാളിനെതിരെ നിർണായകമായ പെനാൽട്ടി തടുത്തിട്ടാണ് കേരളം ജേതാക്കളായത്. പതിമൂന്ന് വർഷത്തിന് ശേഷം 2018ൽ രാഹുൽ വി. രാജിന്റെ നേതൃത്വത്തിൽ കേരളം കിരീടം നേടിയപ്പോഴും മിഥുനായിരുന്നു കേരളത്തിന്റെ വല കാത്തത്. കൊളമ്പിയൻ താരം ഹിഗ്വിറ്റയാണ് എട്ട് വർഷമായി കേരളത്തിനുവേണ്ടി കളിക്കുന്ന മിഥുന്റെ ഇഷ്ടതാരം.
മിഥുനും സുഹൃത്തുക്കളും ചേർന്നുണ്ടാക്കിയ എസ്.കെ.ബി മുഴുപ്പിലങ്ങാട് ക്ലബ്ബിനായി കളിച്ചു കൊണ്ടാണ് തുടക്കം. പിന്നീട് എവർഗ്രീൻ എടക്കാടിലെത്തി, അവിടെ നിന്ന് കണ്ണൂർ ലീഗ് കളിക്കുന്ന ടീം എസ്.എൻ കോളജിൽ. അവിടെനിന്ന് കേരള ടീമിലേക്ക് വളർന്ന മിഥുനെ അച്ഛൻ മുരളിയാണ് ഫുട്‌ബാൾ ലോകത്തേക്ക് എത്തിച്ചത്.
കേരളാ പൊലിസിന്റെ ഗോൾകീപ്പറായിരുന്നു മുരളി. അനുജൻ ഷിനോയിയും ഫുട്‌ബാൾ താരമാണ്. തിരുവനന്തപുരം എസ്.ബി.ഐയിലെ ജീവനക്കാരനാണ് മിഥുൻ.