ബഫർ സോൺ: യു.ഡി.എഫ്‌ അപവാദം പ്രചരിപ്പിക്കുന്നു– എം .വി ജയരാജൻ

Share our post

അടക്കാത്തോട്: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനും സി.പി.ഐ എമ്മിനുമെതിരെ യുഡിഎഫ് അപവാദപ്രചരണം നടത്തുകയാണെന്ന്‌ സി.പി.ഐ. എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സി.പി.ഐ .എം പേരാവൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹനജാഥ അടയ്‌ക്കാത്തോട്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖല (ബഫർസോൺ) യായി കണക്കാക്കണമെന്ന ഉത്തരവിറക്കിയത് സുപ്രീംകോടതിയാണ്. ഈ തീരുമാനം കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാട് സർക്കാർ സ്വീകരിക്കുകയും കേരളത്തിന്റെ വികാരം കോടതിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. സുപ്രീംകോടതി നിർദേശത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതും ഉപഗ്രഹ സർവേ നടത്തിയതും.

റിപ്പോർട്ട് സംബന്ധിച്ച് പരാതികളുണ്ട്. ഇതു പരിഗണിച്ചാണ്‌ ഫീൽഡ് സർവേ നടത്താനുള്ള സർക്കാർ തീരുമാനം. ബഫർസോണിലെ വീടുകൾ, സ്ഥാപനങ്ങൾ, മറ്റു നിർമിതികൾ എന്നിവ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വഴി ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരാതികൾ സമർപ്പിക്കാൻ ജനുവരി ഏഴു വരെ സമയവും അനുവദിച്ചു.

ഇതൊക്ക മറച്ചുവച്ചാണ് സി.പി.ഐ എമ്മിനും സർക്കാരിനുമെതിരെ യു.ഡി.എഫ് കുപ്രചാരണം നടത്തുന്നതെന്നും എം. വി ജയരാജൻ പറഞ്ഞു. സി.പിഐ എം ഏരിയാകമ്മിറ്റിയംഗം അഡ്വ. കെ ജെ ജോസഫാണ്‌ ജാഥ നയിക്കുന്നത്‌. ഉദ്‌ഘാടനച്ചടങ്ങിൽ സി ടി അനീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, വി ജി പത്മനാഭൻ, ഏരിയാ സെക്രട്ടറി അഡ്വ. എം രാജൻ, എം എസ് വാസുദേവൻ, കെ സുധാകരൻ, കെ സി ജോർജ്‌ കുട്ടി എന്നിവർ സംസാരിച്ചു.

ജാഥ ഇന്ന്‌: 10ന് ശാന്തിഗിരി, 10.45 പാറത്തോട്, 11.30 ചെട്ടിയാംപറമ്പ്, 12.15 വളയംചാൽ, 1ന് കേളകം, 2.30 ചുങ്കക്കുന്ന്, 3ന് വെങ്ങലോടി, 3.30 നീണ്ടുനോക്കി, 4ന് കണ്ടപ്പുനം, 4.30 പുതിയങ്ങാടി. 5ന് അമ്പായത്തോട് സമാപന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനംചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!