ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റ്; ബേപ്പൂരിന്‌ ഇനി ഉത്സവനാളുകൾ

Share our post

ഫറോക്ക്: ജലസാഹസിക പ്രകടനങ്ങളും വിനോദവും മത്സരങ്ങളും സമന്വയിക്കുന്ന ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്‌റ്റ് – രണ്ടാം പതിപ്പിന്‌ തിരശ്ശീല ഉയർന്നു. ഫറോക്ക് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിൽ ഗായിക ഗൗരിലക്ഷ്‌മിയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നോടെ പരിപാടികൾക്ക്‌ തുടക്കമായി. മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്‌തു. ജില്ലാ ഡെവലപ്മെന്റ്‌ കമീഷണർ എം .എസ് മാധവിക്കുട്ടി അധ്യക്ഷയായി.

വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റ് 24 മുതൽ 28 വരെയാണ്. പ്രധാന വേദി ബേപ്പൂർ പുലിമുട്ട് മറീന ബീച്ചും ചാലിയാർ തീരവുമാണ്. ബേപ്പൂരിന്റെ മറുകരയായ ചാലിയം പുലിമുട്ട് തീരത്ത്‌ 24 മുതൽ 27 വരെ കുട്ടികൾക്കും അമ്മമാർക്കുമുള്ള വിനോദത്തിന്‌ പ്രാധാന്യം നൽകുന്ന ടൂറിസം കാർണിവൽ നടക്കും.

ശനി വൈകിട്ട്‌ നാലിന് ഘോഷയാത്രയും 7.30ന് സംഗീതവിരുന്നുമുണ്ട്. 6.30നാണ് ഉദ്ഘാടനം. ദിവസവും രാത്രി മെഗാ സംഗീത പരിപാടിയുമുണ്ടാവും. രാജ്യാന്തര കൈറ്റ് ഫെസ്‌റ്റ്, ഇന്ത്യൻ നേവി, കോസ്‌റ്റ്‌‌ ഗാർഡ് എന്നിവയുടെ പരിപാടികളുമുണ്ടായിരിക്കും. യുദ്ധ സന്നാഹ കപ്പൽ പ്രദർശനത്തിനായി ബേപ്പൂർ തുറമുഖത്തെത്തും. സുരക്ഷ ഉറപ്പാക്കാൻ സിറ്റി പൊലീസ് കമീഷണർ എ അക്‌ബ‌‌റിന്റെ നേതൃത്വത്തിലുള്ള സംഘം ഫെസ്‌റ്റ്‌ നടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ചു.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്‌ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ശിൽപ്പി ബിനുവും സംഘവും തീർത്ത മത്സ്യകന്യക ശിൽപ്പം സബ് കലക്‌ടർ വി ചെൽസാ സിനി ഉദ്‌ഘാടനം ചെയ്‌തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!