തെക്കുമ്പാട് കൂലോം തായക്കാവിൽ സ്ത്രീതെയ്യം കെട്ടിയാടി

തെക്കുമ്പാട്: വ്രതവിശുദ്ധിയുടെ നിറവിൽ തെക്കുമ്പാട് കൂലോം തായക്കാവിൽ സ്ത്രീതെയ്യം കെട്ടിയാടി. ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് സ്ത്രീതെയ്യം (ദേവക്കൂത്ത്) അരങ്ങിലെത്തിയത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ മാടായിലെ എം.വി.അംബുജാക്ഷിയാണ് ദേവക്കൂത്ത് കെട്ടിയാടിയത്. സ്ത്രീതെയ്യം കെട്ടിയാടുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്.
പൂക്കൾതേടി ദേവലോകത്ത് നിന്നെത്തിയ വനദേവത തെക്കുമ്പാട് ദ്വീപിലെ വളളിക്കാട്ടിൽ ഒറ്റപ്പെട്ടെന്നും നാരദനെ പ്രാർഥിച്ച ദേവതയെ പിന്നീട് നാരദൻ ദേവലോകത്ത് തിരിച്ചെത്തിച്ചു എന്നുമാണ് ഐതിഹ്യം. 41 ദിവസത്തെ വ്രതമെടുത്താണ് ദേവക്കൂത്ത് കെട്ടുന്നത്.
പുലർച്ചെ മുതൽ കരിഞ്ചാമുണ്ഡി, ചുഴലി ഭഗവതി, നാഗ കന്നി, വേട്ടയ്ക്കൊരുമകൻ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തിയതിന് ശേഷമാണ്. ദേവക്കൂത്ത് അരങ്ങിലെത്തിയത്. പിന്നീട് തായക്കാവിലേക്കു തിരുവായുധം എഴുന്നളളിപ്പ്, കലശം എഴുന്നളളിപ്പ്, ഇളം കോലം എന്നിവയുണ്ടായി. ഇന്ന് പുലർച്ചെ തായ്പരദേവത ഉണ്ടാകും.