ചൈനയിലടക്കം കൊവിഡ് വ്യാപനം അതിരൂക്ഷം; ജാഗ്രതയിൽ ഇന്ത്യ, ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: ചൈനയിലടക്കം വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ഡൽഹിയിലാണ് യോഗം ചേരുന്നത്.കൊവിഡ് പ്രതിരോധ മാർഗങ്ങളുടെ നിലവിലെ സ്ഥിതി, വാക്‌സിനേഷൻ തുടങ്ങിയ വിഷയങ്ങൾ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട.
ആരോഗ്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.വിവിധ ലോകരാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായിത്തുടങ്ങിയതോടെ ഏത് തരം സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര നിർദ്ദേശം നൽകിയിരുന്നു.
ആരോഗ്യമന്ത്രാലയം നൽകിയ കത്തിൽ ജപ്പാൻ, അമേരിക്ക, കൊറിയ, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിലെ പെട്ടെന്നുളള കൊവിഡ് വ്യാപനത്തിൽ ജാഗരൂകരാകാനും പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് കൂട്ടണമെന്നും നിർദേശിക്കുന്നു.
ഇൻസാകോഗ് അഥവാ ഇന്ത്യൻ സാർസ് കോവ് 2 ജീനോമിക്‌സ് കൺസോർഷ്യം എന്ന രാജ്യത്തെ 50ലധികം ലാബുകളുടെ ശൃംഖല വഴി ഇത് നിരീക്ഷിക്കണം എന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെടുന്നത്.പുതിയ വകഭേദങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിൽ അവയെ കൃത്യസമയത്ത് കണ്ടെത്താനും മതിയായ ചികിത്സയടക്കം പൊതു ആരോഗ്യ സംവിധാനങ്ങളെ വികസിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു. ആഗോളതലത്തിൽ 35 ലക്ഷത്തോളം കേസുകൾ ആഴ്‌ചതോറും റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നാണ് കേന്ദ്രം അറിയിച്ചത്.