ബാലാവകാശ സാക്ഷരത ഉറപ്പാക്കും: മുഖ്യമന്ത്രി
പിണറായി: ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെ കേരളം ജനകീയ ക്യാംപെയ്ൻ ആരംഭിക്കും. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കും. വീടുകളിൽ കുട്ടികളുടെ അഭിപ്രായങ്ങളും ചിന്തകളും ഗൗരവമായി കാണണം. അവരെ അവഗണിക്കലല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവരിൽ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ധർമടം മണ്ഡലം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അങ്കണവാടികളിൽ അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ്മുറി, ഇൻഡോർ, ഔട്ഡോർ കളി സ്ഥലം, ഡൈനിങ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള 66 അങ്കണവാടികൾ ഒരു വർഷത്തിനകം നിർമിക്കും.പ്രത്യേക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കോഴിക്കോട് 142 അങ്കണവാടികളും ഇടുക്കിയിൽ ചിൽഡ്രൻസ് ഹോമും സ്ഥാപിക്കും. അങ്കണവാടികളെ കമ്യുണിറ്റി റിസോർസ് സെന്ററുകളാക്കി വികസിപ്പിക്കും. ശിശുസൗഹൃദ മാതൃകാ പഞ്ചായത്തുകളെ തിരഞ്ഞെടുക്കും.
പഞ്ചായത്തുകളിൽ വാർഷിക പദ്ധതിക്കൊപ്പം ബാലസുരക്ഷാ സ്ഥിതി വിവര റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കണം.അങ്കണവാടികളിൽ ആഴ്ചയിൽ 2 ദിവസം പാലും മുട്ടയും ലഭ്യമാക്കും. കോവിഡിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 3 ലക്ഷം രൂപ നിക്ഷേപം നടത്തും. പ്രതിമാസം 2000 രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ അധ്യക്ഷത വഹിച്ചു. യുനിസെഫ് സോഷ്യൽ പോളിസി ചീഫ് കെ.എൽ. റാവു മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, ബാലാവകാശ കമ്മിഷൻ അംഗം പി.പി. ശ്യാമള ദേവി എന്നിവർ പ്രസംഗിച്ചു.
ബാലാവകാശ കമ്മിഷൻ അംഗങ്ങളായ സി. വിജയകുമാർ, റെനി ആന്റണി, ചൈൽഡ് മെന്റർ അജ്ന പർവീൺ, ഡോ. മോഹൻ റോയ്, ക്രൈംബ്രാഞ്ച് എസ്പി: പി..പി. സദാനന്ദൻ എന്നിവർ വിഷയം അവതരിപ്പിച്ചു. ബാലാവകാശ കമ്മിഷൻ അംഗം ബബിത ബൽരാജ് മോഡറേറ്ററായിരുന്നു. ഡിസിപിഒ: കെ.വി. രജിഷ പ്രസംഗിച്ചു