വീണ്ടും നരബലി ശ്രമം;യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മന്ത്രവാദിയെയും ഇടനിലക്കാരിയെയും തെരഞ്ഞ് പോലീസ്

പത്തനംതിട്ട: നരബലി ശ്രമത്തിൽ നിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവല്ല കുറ്റപ്പുഴയിലാണ് സംഭവം. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു സ്വകാര്യ ചാനലാണ് വിവരം പുറത്തുവിട്ടത്.
ഡിസംബർ എട്ടിന് അർദ്ധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ ചെയ്യാം എന്നപേരിൽ അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്. ആഭിചാര കർമ്മത്തിനിടെ വാളെടുത്ത് തന്നെ ബലി നൽകാൻ പോകുന്നുവെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.
തക്കസമയത്ത് അമ്പിളിയുടെ ഒരു ബന്ധു പൂജനടന്ന വീട്ടിലെത്തിയതോടെയാണ് നരബലിയിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്. ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല.
എന്നാൽ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.