നാടിന്റെ സ്‌പന്ദനമറിയുന്ന അക്ഷരാലയം

പാനൂർ: സാംസ്‌കാരിക കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ചമ്പാട് നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തെ വേറിട്ടതാക്കുന്നത്. പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സ്ഥലമെടുപ്പിനായി ഗ്രന്ഥശാല ഭരണസമിതി മുന്നിട്ടിറങ്ങി. 20 സെന്റ് സ്ഥലം ജനകീയ പങ്കാളിത്തത്തോടെ വാങ്ങി സർക്കാറിന് നൽകി. കെട്ടിടത്തിന് സർക്കാർ അനുവദിച്ച തുക തികയാതെ വന്നപ്പോൾ നിർമാണ പ്രവൃത്തിയിലും പങ്കാളിയായി. പന്ന്യന്നൂർ പഞ്ചായത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിച്ചു.
താഴെ ചമ്പാട് – കൂരാറ റോഡിൽ വാഹന ഗതാഗത സൗകര്യമൊരുക്കുന്നതിലും താഴെ ചമ്പാട് -കോട്ടായി കൂലോ മനേക്കര റോഡ് നിർമാണത്തിലും പങ്കാളികളായി. 1975 കാലഘട്ടത്തിൽ നാട്ടുകാരനായ കെ പി സുരേന്ദ്രന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുള്ള ഫണ്ട് ശേഖരണത്തിനും മുന്നിട്ടിറങ്ങി.ബാല, യുവജന, വനിതാ, വയോജന വേദികൾ, കലാസാംസ്കാരിക വേദി, രാഗം മ്യൂസിക് ചിത്രരചന വിദ്യാലയം, നൃത്ത ക്ലാസ്, കോൽക്കളി, അക്ഷരസേന, കാർഷിക കൂട്ടായ്മഎന്നിവയുമുണ്ട്.
ലൈബ്രറി ഡിജിറ്റലൈസേഷൻ നടപടി പുരോഗമിക്കുന്നു. 2007ൽ ജില്ലയിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള സുവർണ കൈരളി പുരസ്കാരവും 2012 ൽ താലൂക്ക് റഫറൻസ് ഗ്രന്ഥാലയം അംഗീകാരവും ലഭിച്ചു.1956 ഫെബ്രുവരി 16ന് വി. ആർ കൃഷ്ണയ്യർ, ഒ .എൻ. വി, ചെറുകാട്, വി .ടി കുമാരൻ, പി. ആർ കുറുപ്പ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മഹാകവി ജി ശങ്കരകുറുപ്പാണ് വായനശാല ഉദ്ഘാടനംചെയ്‌തത്. നാട്ടുകാരിൽനിന്ന് സ്വരൂപിച്ച തുകയും കൂത്തുപറമ്പ് ഡെവലപ്‌മെന്റ് ബ്ലോക്ക് അനുവദിച്ച ഫണ്ടും ഉപയോഗിച്ചാണ് ഇരുനില കെട്ടിടം പണിതത്.
എ .കെ ഗോവിന്ദൻ ഗുമസ്ഥൻ (പ്രസിഡന്റ്), മുണ്ടങ്ങാടൻ ഗോപാലൻ മേസ്ത്രി (സെക്രട്ടറി) എന്നിവരായിരുന്നു ആദ്യകാല ഭാരവാഹികൾ. ഐ .വി ദാസ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന്റെ ഫലമായി 1959 ൽ സ്ഥാപനത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. 2006ൽ മൂന്നുനിലകളായി കെട്ടിടം പുതുക്കിപ്പണിതു.
കെ .വിജയൻ പ്രസിഡന്റും ഇ ശിവദാസൻ സെക്രട്ടറിയുമാണ്. കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവർത്തനം വിജയിപ്പിക്കുന്ന ഒരുക്കത്തിലാണ് ഗ്രന്ഥാലയം പ്രവർത്തകർ. രണ്ട് പ്രതിനിധികൾ ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്നു.