ഒരാഴ്ചയ്ക്കിടയിൽ മൂന്ന് സ്വർണ്ണം ബോക്സിംഗിൽ താരമായി മുഹമ്മദ് ബിലാൽ

മാതമംഗലം: കേരള സ്റ്റേറ്റ് അമേച്വർ സീനിയർ ബോക്സിംഗ് (54 കിലോ) വിഭാഗത്തിലും തിരുവനന്തപുരം ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും കേരള യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടി എരമം കണ്ണാപ്പള്ളി പൊയിൽ സ്വദേശി മുഹമ്മദ് ബിലാൽ താരമായി.ഏഴ് വർഷമായി ബോക്സിംഗ് പരിശീലനത്തിനായി ആറ്റിങ്ങൽ ശ്രീപാദ സ്‌പോർട്സ് ഹോസ്റ്റലിലാണ് ബിലാൽ.
ഏഴു വർഷത്തിനിടയിൽ സ്‌കൂൾ തലത്തിലും തുടർന്ന് കേളേജ്, യൂണിവേഴ്സിറ്റി തലത്തിലും ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ദേശീയതലത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. സംസ്ഥാനതലത്തിൽ സബ് ജൂനിയർ, ജൂനിയർ തലത്തിൽ മൂന്ന് തവണ മികച്ച ബോക്സറായി തിരഞ്ഞെടുത്തിട്ടുണ്ട്.
യൂണിവേഴ്സിറ്റി തലത്തിലുംമികച്ച ബോക്സറായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. ഇപ്പോൾ ആറ്റിങ്ങൽ കോൺവെന്റ് കേളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ്.ഈ മാസം അവസാനം ഹരിയാനയിൽ നടക്കുന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ബിലാൽ. പരിശീലകൻ പ്രേംനാഥിന്റെ കീഴിലാണ് ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനായി ഒരുങ്ങുന്നത്. എരമം കണ്ണാപ്പള്ളി പൊയിൽ ബാങ്കിന് സമീപത്തെ അബ്ദുൾ സലാം – സഫീന ദമ്പതികളുടെ മകനാണ്.