ബഫർ സോൺ വാസ സ്ഥലവും കൃഷിഭൂമിയും സംരക്ഷിക്കണമെന്നാണ് സർക്കാർ നിലപാട്: എം വി ഗോവിന്ദൻ
കാങ്കോൽ: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ വാസസ്ഥലവും കൃഷിഭൂമിയും സംരക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം കാങ്കോൽ വാണിയംചാൽ ബ്രാഞ്ച് ഓഫീസായ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് ബിജെപിയെ നേരിടാൻ സാധിക്കില്ല. കോൺഗ്രസ്സിൽനിന്ന് ആർ.എസ്എസ്സിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യാനാണ് കെ സുധാകരൻ ശ്രമിക്കുന്നത്. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഗുണമേന്മയുള്ള ജീവിതം പ്രദാനം ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്. വികസിത സമൂഹത്തിലെ അതേനിലവാരത്തിലേക്ക് ജനങ്ങളെ എത്തിക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരിങ്ങോം ഏരിയാ സെക്രട്ടറി പി ശശിധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി സത്യപാലൻ ഫോട്ടോഅനാഛാദനം ചെയ്തു. കെ പി രാഘവൻ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, കെ പി കണ്ണൻ, പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി പി സിദിൻ സ്വാഗതവും ഇ രവി നന്ദിയും പറഞ്ഞു. കലാസന്ധ്യ അരങ്ങേറി.