കുതിക്കാൻ വരുന്നൂ, പുത്തൻപാതകൾ ; എറണാകുളം ജില്ലയിലെ റോഡ് ശൃംഖല വികസിക്കുന്നു

കൊച്ചി: മുമ്പില്ലാത്തവിധം എറണാകുളം ജില്ലയിലെ റോഡ് ശൃംഖല വികസിക്കുന്നു. രാജ്യത്തിന് സാമ്പത്തിക കുതിപ്പേകുന്ന വ്യവസായ ഇടനാഴികളുടെ ഭാഗമായ ദേശീയപാതകളും സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിന് വേഗമേകുന്ന പാതകളും ഉൾപ്പെടെ നിരവധി പദ്ധതികളാണ് നിർമാണഘട്ടത്തിലുള്ളത്. ആ നിരയിൽ ഒടുവിലത്തേതാണ് കഴിഞ്ഞദിവസം കേന്ദ്രാനുമതി ലഭിച്ച അങ്കമാലി-–-കുണ്ടന്നൂർ ബൈപാസ് പദ്ധതി. ദേശീയപാത പദ്ധതികൾക്ക് 25 ശതമാനം പണം മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. നിർമാണം ആരംഭിച്ച എൻ.എച്ച് 66ന് 5589 കോടി രൂപയാണ് നൽകിയത്.
മൂത്തകുന്നം–-ഇടപ്പള്ളി
എൻഎച്ച് 66
ഒരിക്കലും നടപ്പാകില്ലെന്ന് എഴുതിത്തള്ളിയ മൂത്തകുന്നം–-ഇടപ്പള്ളി ദേശീയപാതയുടെ 26 കിലോമീറ്റർ ആറുവരിയാക്കൽ നടക്കുന്നു. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ 98 ശതമാനവും ഏറ്റെടുത്തുകഴിഞ്ഞു. 1300 കോടി രൂപയോളം ഭൂമിവിലയായി സംസ്ഥാന സർക്കാർ നൽകി. ഓറിയന്റൽ സ്‌ട്രക്ചറൽ എൻജിനിയേഴ്‌സിനാണ് നിർമാണകരാർ. 910 ദിവസമാണ് നിർമാണ കാലാവധി.
അങ്കമാലി–-കുണ്ടന്നൂർ ബൈപാസ്
ഇടപ്പള്ളി–-അരൂർ ബൈപാസിലെ തിരക്കുകുറയ്‌ക്കാൻ 2016ൽ ആവിഷ്‌കരിച്ച പദ്ധതിയാണിത്. എൻഎച്ച് 544ന്റെ തുടർച്ചയെന്നോണം അങ്കമാലി ജങ്‌ഷന് വടക്കുമാറി ആരംഭിച്ച് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 50 കിലോമീറ്റർ പാത കുണ്ടന്നൂർ ജങ്‌ഷന് തെക്കുഭാഗത്തായി എത്തും. 163 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന നിർദിഷ്‌ട തേനി–-മൂന്നാർ–-കൊച്ചി എൻഎച്ച് 85 ഗ്രീൻഫീൽഡ് പാത തൃപ്പൂണിത്തുറയിലോ പുത്തൻകുരിശ് ഭാഗത്തോ അങ്കമാലി–-കുണ്ടന്നൂർ പാതയുമായി സംഗമിക്കും. ഭൂമിയെടുക്കലിനുള്ള വിജ്ഞാപനവും പാതയുടെ അന്തിമ അലൈൻമെന്റും അടുത്ത മാസത്തോടെ തയ്യാറാകും. നഗരവികസനം കാലടി, പെരുമ്പാവൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന പാതയായിരിക്കും ഇത്.
കൊച്ചി–-തേനി പാത
നിർദിഷ്ട കൊച്ചി–തേനി ദേശീയപാത (എൻഎച്ച് 85) നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ നടപടി പുരോഗമിക്കുന്നു. കുന്നത്തുനാട്, കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ 19 വില്ലേജുകളിലൂടെയാണ് പാത. ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാർ 1489 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 10,236 കോടി രൂപയാണ് നിർമാണച്ചെലവ്. കുണ്ടന്നൂരിൽ തുടങ്ങി ഇടുക്കിയിലെ ചതുരംഗപ്പാറയിലൂടെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന പാതയുടെ നീളം 163 കിലോമീറ്റർ.
വൈപ്പിൻ–-പള്ളിപ്പുറം
റോഡ്
ഇരുപത്തഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാനപാത അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരിക്കുന്ന കെഎസ്‌ടിപി പദ്ധതി ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 36 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. റോഡ് മാർക്കിങ്, സുരക്ഷാ ക്യാമറ, ഇരുവശത്തും കൈവരിയോടുകൂടിയ നടപ്പാത, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതോടൊപ്പം ആറ് പ്രധാന കവലകളുടെ വിപുലീകരണവും നടക്കും.
തീരദേശ,
മലയോര പാത
ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന 613 കിലോമീറ്റർ തീരദേശപാതയുടെ വൈപ്പിൻ–-ചെല്ലാനം ഭാഗത്തിന്റെ ഡിപിആർ, കരാറുകാരായ എൽ ആൻഡ് ടി തയ്യാറാക്കുന്നു. അലൈൻമെന്റിന് അന്തിമരൂപമായി. 6,500 കോടിരൂപ ചെലവിലാണ് തീരദേശ ഹൈവേ നിർമിക്കുന്നത്. ഫോർട്ട് വൈപ്പിൻ, പുതുവൈപ്പ് ബീച്ച്, മത്സ്യഫെഡ് ടൂറിസ്‌റ്റ് ഓഫീസ്, കടപ്പുറം, അണിയിൽ ബീച്ച്, കുഴുപ്പിള്ളി ബീച്ച്, ചെറായി ബീച്ച് എന്നിവിടങ്ങളിലൂടെ മുനമ്പത്തെത്തും. വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും ബന്ധിപ്പിക്കാനുള്ള സംവിധാനത്തെക്കുറിച്ച് പരിശോധന നടക്കുന്നു.
വിനോദസഞ്ചാരത്തിന് കുതിപ്പാകുന്ന മലയോര ഹൈവേയുടെ 104 കിലോമീറ്ററോളം ജില്ലയിലൂടെ കടന്നുപോകുന്നു. ഹൈവേയുടെ 804 കിലോമീറ്റർ വരുന്ന 54 സ്‌ട്രെച്ചുകളുടെ പ്രവൃത്തികൾ കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് നടത്തുന്നത്. ഇതിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിച്ചു.