മലയോരത്തിന്റെ അക്ഷര വെളിച്ചം

Share our post

ആലക്കോട്: മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മലയോര മണ്ണിൽ പൊന്ന് വിളയിക്കുന്ന കുടിയേറ്റ കർഷകന്‌ അറിവിന്റെ വെളിച്ചം പകർന്നതിൽ മുൻപന്തിയിലാണ്‌ മാമ്പൊയിൽ പൊതുജന വായനശാല ആൻഡ്‌ ഗ്രന്ഥാലയം. പ്രദേശവാസികളുടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കേന്ദ്രമാണിവിടം. പ്രദേശവാസികൾക്ക്‌ കായികക്ഷമത നൽകുക എന്ന ലക്ഷ്യത്തോടെ ദിവസവും പ്രവർത്തിക്കുന്ന ഫിറ്റ്നസ് കേന്ദ്രവും ഇവിടെയുണ്ട്‌.

വനിതാ, ബാല, വയോജന വേദികൾ കാര്യക്ഷമായി പ്രവർത്തിക്കുന്നു. കായിക വിനോദങ്ങളെയും വായനശാല പ്രോത്സാഹിപ്പിക്കുന്നു.ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരവും അക്ഷര ജ്വാല പുരസ്കാരവും ലഭിച്ചിട്ടുണ്ട്.1976 ലാണ്‌ വായനശാലയുടെ പിറവി. പരേതനായ സെബാസ്റ്റ്യൻ മേപ്പറക്കാവിൽ സൗജന്യമായി നൽകിയ സ്ഥലത്ത് പ്രവർത്തിക്കുന്ന കർമ്മൽ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ ചെറിയ കെട്ടിടത്തിനോട് ചേർന്ന ചായിപ്പിലായിരുന്നു തുടക്കം.

ജോസഫ് മേപ്രക്കാവിലും അധ്യാപകനായ ജോസഫ് പാലപ്പള്ളിയുമായിരുന്നു സ്ഥാപക സാരഥികൾ. അറുപതോളം അംഗങ്ങളായിരുന്നു തുടക്കത്തിൽ.2008 ൽ പുതിയ കെട്ടിടം പണിതു. 2020ൽ ഇരുനില കെട്ടിടമാക്കി ഉയർത്തി. കപ്യൂട്ടർ ഉൾപ്പെടെ ഉപയോഗിച്ച് ആധുനിക രീതിയിലാണ്‌ പ്രവർത്തനം. 600 അംഗങ്ങളും വിവിധ വിഭാഗങ്ങളിലായി 10400 പുസ്തകങ്ങളുമുണ്ട്‌. ഗ്രന്ഥാലയത്തിന്റെ ഡോക്യുമെന്റേഷൻ പ്രവർത്തനം നടക്കുകയാണ്‌.

സെബാസ്റ്റ്യൻ കലവനാൽ പ്രസിഡന്റായും ബിനോയ്‌ പേഴത്തിങ്കൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിലള്ളത്‌.കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി വിവിധ പ്രവർത്തനം വായനശാല ഏറ്റെടുത്തിരുന്നു. ഇവയെല്ലാം മികച്ച രീതിയിൽ വിജയിപ്പിക്കാനുമായി. ലൈബ്രറി കോൺഗ്രസിൽ വലിയ പ്രതീക്ഷയാണ്‌ വായനശാല പ്രവർത്തകർക്ക്‌. മറ്റ്‌ ഗ്രന്ഥശാലകളുടെ പ്രവർത്തനം അറിയാനും പഠിക്കാനുമുള്ള അവസരമായാണ്‌ ഇതിനെ കാണുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!