ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് ഇന്ന് ;പകുതിയോളം വനിതകൾ

മാങ്ങാട്ടുപറമ്പ് ∙ കെ.എ.പി നാലാം ബറ്റാലിയനിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് ഇന്ന് നടക്കും. പരിശീലനം പൂർത്തിയാക്കിയ 100 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരിൽ 48 പേരും വനിതകളാണ്. പരേഡ് കമാൻഡർ, സല്യൂട്ട് സ്വീകരിക്കുന്ന ഫോറസ്റ്റ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പരിശീലനത്തിനു നേതൃത്വം നൽകിയ കെഎപി കമൻഡാന്റ് എന്നിവരും വനിതകളാണ്.
കെ.എ.പി 4 ബറ്റാലിയനിൽ ഇന്ന് നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ എരുമേലി ഫോറസ്റ്റ് ഡിവിഷനിലെ ബിഎഫ്ഒ മണിമല പുത്തൻ പുരയിൽ നീതുരാജ് പരേഡ് കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇവർ ബി.എഡ് ബിരുദധാരിയും കോട്ടയം ഉഴവൂർ സ്വദേശിയുമാണ്.
ആയുധ പരിശീലനമടക്കം വിജയകരമായി പൂർത്തിയാക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരിൽ ഭൂരിഭാഗം പേരും ഉന്നത ബിരുദധാരികളുമാണ്. 8.30ന് ഫോറസ്റ്റ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡോ.പി.പുകഴേന്തി സല്യൂട്ട് സ്വീകരിക്കും. ബറ്റാലിയൻ ഡിഐജി രാജ്പാൽ മീണ, കെ.എ.പി കമൻഡാന്റ് എം.ഹേമലത, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഡി.കെ.വിനോദ്കുമാർ എന്നിവർ പങ്കെടുക്കും.
ആദ്യമായാണ് ആയുധം ഉപയോഗിച്ചു ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് നടക്കുന്നത്. വനം വകുപ്പിലെ 100 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്ക് കഴിഞ്ഞ 3 മാസമായി കെഎപി കമൻഡാന്റിന്റെ കീഴിൽ അസി.കമൻഡാന്റുമാരായ എൻ.വി.സജീഷ്ബാബു, ഐ.വി.സോമരാജൻ, രാജീവൻ എന്നിവർ പരിശീലനം നൽകുന്നുണ്ട്.