പാനുണ്ട ജങ്‌ഷന്‌ ഇനി ഉദ്യാന ശോഭ

Share our post

പിണറായി: സൗന്ദര്യവൽക്കരിച്ച പാനുണ്ട റോഡ്‌ ജങ്‌ഷനും മെക്കാഡം ടാറിങ്‌ നടത്തിയ പാനുണ്ട–-പൊട്ടൻപാറ റോഡും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി പി .എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി .ബാലൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജീവൻ (പിണറായി), കെ ഗീത (വേങ്ങാട്‌), പൊതുമരാമത്ത് വകുപ്പ് ഉത്തര മേഖലാ സൂപ്രണ്ടിങ്‌ എൻജിനീയർ ഇ ജി വിശ്വപ്രകാശ്, അസി.

എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ, നിസാർ അഹമ്മദ്, എ .പി മോഹനൻ, ഷിംന പ്രസാദ്, പുതുക്കുടി ശ്രീധരൻ, ടി സുധീർ, കെ പി സദു എന്നിവർ സംസാരിച്ചു. കരാറുകാരൻ നിധിൻ പുരുഷോത്തമന്‌ മുഖ്യമന്ത്രി ഉപഹാരം നൽകി.അഞ്ച് കോടി രൂപ ചെലവിലാണ് പാനുണ്ട റോഡ് ജങ്‌ഷൻ സൗന്ദര്യവൽക്കരണവും അനുബന്ധ റോഡ് അഭിവൃദ്ധിപ്പെടുത്തലും പൂർത്തിയാക്കിയത്.

പാനുണ്ട -–-പൊട്ടൻപാറ റോഡ് വീതികൂട്ടിയാണ്‌ മെക്കാഡം ടാർ ചെയ്തത്‌. ഗതാഗതം സുഗമമാക്കുന്നതിന് കയറ്റം കുറയ്ക്കുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ ഉയർത്തുകയും ചെയ്തു. ഡ്രൈനേജും കവറിങ് സ്ലാബും ടൈൽസും പാകി നടപ്പാത നിർമിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ കൈവരിയുമുണ്ട്‌.

ബസ് കാത്തിരിപ്പ് കേന്ദ്രം, ഓപ്പൺ സ്റ്റേജ്, വൈദ്യുത വിളക്കുകൾ, ഇന്റർലോക്ക് പ്രവൃത്തി എന്നിവയും പൂർത്തിയായി. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കൈവരിയിൽ വ്യാപാരികളുമായി സഹകരിച്ച്‌ നൂറോളം ചെടിച്ചട്ടികളും സ്ഥാപിച്ചു.

റോഡുകളുടെ വികസനം നാടിന്റെ 
പുരോഗതിക്ക് അനിവാര്യം: മുഖ്യമന്ത്രി
പിണറായി റോഡുകളുടെ വികസനം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ –- കൂത്തുപറമ്പ് റോഡിലെ പാനുണ്ട റോഡ് ജങ്‌ഷൻ സൗന്ദര്യവൽക്കരണവും ബിഎംബിസി ചെയ്ത് നവീകരിച്ച പാനുണ്ട –-പൊട്ടൻപാറ റോഡ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട റോഡ്‌ യാത്രാസൗകര്യം സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാൻ സഹായിക്കുന്നുണ്ട്‌. നേരത്തെ യാത്രാസൗകര്യത്തിന്റെ ബുദ്ധിമുട്ട്‌ കൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിൽ പോയി നിക്ഷേപിച്ചവരുണ്ടായിരുന്നു. ആ സ്ഥിതിക്ക്‌ മാറ്റമുണ്ടായി.കേരളത്തിലെ വില്ലേജ്, പിഡബ്ല്യുഡി, ദേശീയപാത തുടങ്ങി എല്ലാ റോഡുകളും മെച്ചപ്പെടുത്താൻ സംസ്ഥാനത്തിനായി.

ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളുടെ വരവും വർധിച്ചു. ഏറ്റവും കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകൾ കേരളത്തിലേക്ക് എത്തി. ദേശീയപാത വികസനം കാലതാമസമില്ലാതെ ഓരോ റീച്ചും പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ നിലവാരമുള്ള റോഡ് പ്രവൃത്തികളിൽ ഒന്നാണ് ബി.എം ആൻഡ് ബി.സി ടെക്നോളജിയെന്ന്‌ അധ്യക്ഷനായ പൊതുമരാമത്ത്‌ മന്ത്രി പി .എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ചെലവ് കൂടുതലാണെങ്കിലും പരമാവധി റോഡുകളെ ബി.എം.ബി.സി ആക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം. 2026 ഓടെ 50 ശതമാനം പിഡബ്ല്യുഡി റോഡുകളും ബിഎംബിസിയാക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!