ബസുകൾ വിശ്രമിക്കുന്നു, നാട്ടുകാർക്ക് പെരുവഴി!

മാഹി: മാഹിയിൽ യാത്രാപ്രശ്നം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ പി.ആർ.ടി.സിയുടേയും, സഹകരണ സംഘത്തിന്റെയും ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കൊവിഡിന് ശേഷം നാല് സഹകരണ ബസുകളിൽ രണ്ടെണ്ണം മാത്രമാണ് സർവ്വീസ് നടത്തുന്നത്.
രണ്ട് ബസ്സുകൾ 15 വർഷം കഴിഞ്ഞതിനാൽ കണ്ടം ചെയ്യാനായി അപേക്ഷ നൽകിയെങ്കിലും അനുമതിയായില്ല. നാല് പി.ആർ.ടി.സി.ബസ്സുകളിൽ മൂന്നെണ്ണം 15 വർഷം കഴിഞ്ഞതിനാൽ അധിക നികുതി അടക്കുന്നുണ്ട്.ഒരു ബസ്സ് സർവ്വീസ് നടത്താൻ അനുയോജ്യവുമല്ല. മൂന്ന് പി.ആർ.ടി.സി ബസ്സുകൾക്ക് ഏഴ് കണ്ടക്ടർമാരും രണ്ട് ഡ്രൈവർമാരുമാണ് നിലവിലുള്ളത്.
അതിനാൽ ഒരു ബസ്സ് മാത്രമാണ് സ്ഥിരം സർവ്വീസ് നടത്തുന്നത്. മാഹി പള്ളി പെരുന്നാൾ സമയങ്ങളിൽ പുതുച്ചേരിയിൽ നിന്ന് ഡ്രൈവർമാരെ എത്തിച്ച് മൂന്ന് ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നു. ബസ്സുകൾ കുറഞ്ഞതിനാൽ വിദ്യാർത്ഥികളും തൊഴിലാളികളും, സാധാരണക്കാരും തീർത്തും ദുരിതത്തിലുമായി. മയ്യഴിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളടക്കം ഏറെ ബുദ്ധിമുട്ടുകയാണ്.
ഡ്രൈവർമാരെ കരാറടിസ്ഥാനത്തിൽ നിത്യക്കൂലിക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർക്ക് നിവേദനം നൽകിയിട്ടുണ്ട്.അവിടെ സൗജന്യ യാത്ര,ഇവിടെ?പുതുച്ചേരിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പ്രത്യേക ബസ് സർവ്വീസ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. പഴകി ദ്രവിച്ച മാഹി പുതുച്ചേരി ബസ്സുകൾ മാറ്റണമെന്ന ആവശ്യം പുതുതായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവ്വീസ് ആരംഭിച്ചതോടെ, തൽക്കാലം നിലച്ച സ്ഥിതിയിലാണ്. എന്നാൽ ജനശബ്ദം പോലുള്ള സംഘടനകൾ മുഖ്യമന്ത്രി എൻ. രംഗസ്വാമിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ജനുവരിയോടെ രണ്ട് പുതിയ ദീർഘദൂര ബസ്സുകൾ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.