പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കും: മന്ത്രി പി .എ മുഹമ്മദ് റിയാസ്

Share our post

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ബാവലിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന നീണ്ടുനോക്കി പാലം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലങ്ങളിൽ ദീപവിതാനങ്ങൾ ഉൾപ്പെടെ ചെയ്ത് അലങ്കരിക്കാൻ സർക്കാരുമായി സഹകരിക്കാൻ സാധ്യതയുള്ളവരുമായി കൈകോർക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 1100 കോടി രൂപയുടെ 109 പാലം പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഇതിൽ 56 പ്രവൃത്തികൾക്കായി 620.23 കോടി രൂപയുടെ ഭരണാനുമതി നൽകി.

കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന തീർഥാടകർക്ക് നീണ്ടുനോക്കി പാലം ഏറെ ഉപകാരപ്രദമാവും. ടൂറിസത്തിന്റെ മികവുറ്റ സാധ്യതയുള്ള പ്രദേശം എന്ന നിലയിലും ഈ പാലം ഏറെ സൗകര്യപ്രദമാവും. പാലത്തിന്റെ നിർമ്മാണ പ്രവർത്തനം സമയ ബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരും കരാറുകാരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി.
പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ജി എസ് ജ്യോതി റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇന്ദിര ശ്രീധരൻ, സുനീന്ദ്രൻ കൂർപ്പിലേടത്ത്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പൊട്ടയിൽ, ഉഷ അശോക് കുമാർ, ജീജോ ജോസഫ്, പാലം കമ്മിറ്റി കൺവീനർ പി തങ്കപ്പൻ മാസ്റ്റർ, പി സി തോമസ്, നിധിൻ കെഎസ്, പിസി രാമകൃഷ്ണൻ, കൊട്ടിയൂർ ശശി, കെഎ ജോസ്, മാത്യു കൊച്ചുതറ, എംകെ ജോൺ, അരിപ്പയിൽ അഹമ്മദ് ഹാജി, താജുദ്ദീർ മട്ടന്നൂർ, അജയൻ പായം എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ കെ എം ഹരീഷ് സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയർ കെ എം ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

പാലത്തിന്റെ ഒരുഭാഗം നീണ്ടുനോക്കി കവലയും മറുഭാഗം കൊട്ടിയൂർ അമ്പലത്തിലേക്കുള്ള സമാന്തര റോഡും പാലുകാച്ചിമല വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ബന്ധിപ്പിക്കുന്ന റോഡുമാണ്. പാലം പൂർത്തിയായാൽ നീണ്ടുനോക്കി കവലയിൽ നിന്നും കൊട്ടിയൂർ അമ്പലത്തിലേക്കുള്ള ബൈപാസ് റോഡ് ആയി ഉപയോഗിക്കാം. മന്ദംചേരി കവലയും സമാന്തരമായി ബന്ധിപ്പിക്കുന്നുണ്ട്.2020-21 ബജറ്റിൽ ഉൾപ്പെടുത്തി 6.43 കോടി രൂപയുടെ ഭരണാനുമതിയും 6.42 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു.

ടെണ്ടർ വിളിച്ച് കരാറുകാരൻ 18 മാസത്തെ കാലാവധിയോടെ പ്രവൃത്തി ഏറ്റെടുത്തു.പാലത്തിന് 13 മീറ്റർ നീളത്തിൽ രണ്ട് സ്പാനും 14 മീറ്റർ നീളത്തിൽ ഒരു സ്പാനും ഉൾപ്പെടെ ആകെ 41 മീറ്റർ നീളമാണുള്ളത്. പാലത്തിന് 7.50 മീറ്റർ വീതിയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാവും. കൊട്ടിയൂർ ഭാഗത്ത് 120 മീറ്ററും പാലുകാച്ചിമല ഭാഗത്ത് 50 മീറ്ററും നീണ്ടുനോക്കി ഭാഗത്ത് 145 മീറ്ററും നീളത്തിൽ അനുബന്ധ റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർശ്വഭിത്തിയും ഡ്രയിനേജും ഉണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!